1 രാജാക്കന്മാർ 21
21
1അതിന്റെശേഷം സംഭവിച്ചത്: യിസ്രെയേല്യനായ നാബോത്തിനു യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 2ആഹാബ് നാബോത്തിനോട്: നിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാൻ തരേണം; അത് എന്റെ അരമനയ്ക്കു സമീപമല്ലോ. അതിനു പകരം ഞാൻ അതിനെക്കാൾ വിശേഷമായൊരു മുന്തിരിത്തോട്ടം നിനക്കുതരാം; അല്ല, നിനക്കു സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നുപറഞ്ഞു. 3നാബോത്ത് ആഹാബിനോട്: ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്ക് തരുവാൻ യഹോവ സംഗതി വരുത്തരുതേ എന്നുപറഞ്ഞു. 4യിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കു നിമിത്തം ആഹാബ് വ്യസനവും നീരസവുംപൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു. 5അപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവന്റെ അടുക്കൽ വന്നു: ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു. 6അവൻ അവളോട്: ഞാൻ യിസ്രെയേല്യനായ നാബോത്തിനോട്: നിന്റെ മുന്തിരിത്തോട്ടം എനിക്കു വിലയ്ക്കു തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിനു പകരം വേറേ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരാമെന്നു പറഞ്ഞു; എന്നാൽ അവൻ: ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു. 7അവന്റെ ഭാര്യ ഈസേബെൽ അവനോട്: നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സ് തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും എന്നു പറഞ്ഞു. 8അങ്ങനെ അവൾ ആഹാബിന്റെ പേർവച്ച് എഴുത്ത് എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു. 9എഴുത്തിൽ അവൾ എഴുതിയിരുന്നതെന്തെന്നാൽ: നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്ത് ഇരുത്തുവിൻ. 10നീചന്മാരായ രണ്ടാളുകളെ അവനെതിരേ നിർത്തി: അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് അവനു വിരോധമായി സാക്ഷ്യം പറയിപ്പിൻ; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം. 11അവന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാരും പ്രധാനികളുമായ പൗരന്മാർ ഈസേബെൽ പറഞ്ഞയച്ചതുപോലെയും അവൾ കൊടുത്തയച്ച എഴുത്തിൽ എഴുതിയിരുന്നതുപോലെയും ചെയ്തു. 12അവർ ഉപവാസം പ്രസിദ്ധം ചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി. 13നീചന്മാരായ രണ്ട് ആളുകൾ വന്ന് അവന്റെ നേരേ ഇരുന്നു; നാബോത്ത് ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിനു വിരോധമായിതന്നെ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു. 14നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്ന് അവർ ഈസേബെലിനു വർത്തമാനം പറഞ്ഞയച്ചു. 15നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോട്: നീ എഴുന്നേറ്റ് നിനക്കു വിലയ്ക്കുതരുവാൻ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു. 16നാബോത്ത് മരിച്ചു എന്നു കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റ് യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയി. 17എന്നാൽ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിനുണ്ടായതെന്തെന്നാൽ: 18നീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ എതിരേല്പാൻ ചെല്ലുക; ഇതാ, അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയിരിക്കുന്നു. 19നീ അവനോട്: നീ കൊലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കുന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവച്ചുതന്നെ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോട് പറക. 20ആഹാബ് ഏലീയാവോട്: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞതെന്തെന്നാൽ: അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്‍വാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു 21ഞാൻ നിന്റെമേൽ അനർഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെയൊക്കെയും ഞാൻ നിഗ്രഹിച്ചുകളയും. 22നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും. 23ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തത്: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവച്ചു തിന്നുകളയും. 24ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും. 25എന്നാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്‍വാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെൽ അവനെ അതിനായി ഉത്സാഹിപ്പിച്ചിരുന്നു. 26യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെയൊക്കെയും അവൻ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ലേച്ഛത പ്രവർത്തിച്ചു. 27ആഹാബ് ആ വാക്കു കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ട് ഉപവസിച്ചു, രട്ടിൽതന്നെ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു. 28അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന് ഉണ്ടായി: 29ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതു കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്റെ ജീവകാലത്ത് അനർഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനർഥം വരുത്തും എന്നു കല്പിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 രാജാക്കന്മാർ 21: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.