1 രാജാക്കന്മാർ 2:1-9

1 രാജാക്കന്മാർ 2:1-9 MALOVBSI

ദാവീദിനു മരണകാലം അടുത്തുവന്നപ്പോൾ അവൻ തന്റെ മകനായ ശലോമോനോടു കല്പിച്ചത് എന്തെന്നാൽ: ഞാൻ സകല ഭൂവാസികളുടെയും വഴിയായി പോകുന്നു; നീ ധൈര്യംപൂണ്ടു പുരുഷനായിരിക്ക. നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാർഥനാകേണ്ടതിനും നിന്റെ മക്കൾ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യമായി നടന്ന് തങ്ങളുടെ വഴി സൂക്ഷിച്ചാൽ യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെ പോകയില്ല എന്നു യഹോവ എന്നോട് അരുളിച്ചെയ്ത വചനം താൻ ഉറപ്പിക്കേണ്ടതിനുമായി മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചുംകൊണ്ട് അവന്റെ ആജ്ഞ അനുസരിച്ചുകൊൾക. വിശേഷിച്ച് സെരൂയയുടെ മകൻ യോവാബ് എന്നോടു ചെയ്തത്, യിസ്രായേലിന്റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തതുതന്നെ നീയും അറിയുന്നുവല്ലോ; അവൻ അവരെ കൊന്ന് സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരുപ്പിലും ആക്കിയല്ലോ. ആകയാൽ നീ ജ്ഞാനം പ്രയോഗിച്ച് അവന്റെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുത്. എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്കു നീ ദയ കാണിക്കേണം; അവർ നിന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്റെ മുമ്പിൽനിന്ന് ഞാൻ ഓടിപ്പോകുമ്പോൾ അവർ അങ്ങനെതന്നെ എന്നോടും പെരുമാറി. പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി എന്നൊരുവൻ ഉണ്ടല്ലോ; ഞാൻ മഹനയീമിലേക്കു പോകുന്ന ദിവസം അവൻ എന്നെ കഠിനശാപത്തോടെ ശപിച്ചു. എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റു വന്നതുകൊണ്ട് അവനെ വാൾകൊണ്ടു കൊല്ലുകയില്ല എന്ന് ഞാൻ യഹോവാനാമത്തിൽ അവനോടു സത്യം ചെയ്തു. എന്നാൽ നീ അവനെ ശിക്ഷിക്കാതെ വിടരുത്; നീ ബുദ്ധിമാനല്ലോ; അവനോട് എന്തു ചെയ്യേണമെന്നു നീ അറിയും; അവന്റെ നരയെ രക്തത്തോടെ പാതാളത്തിലേക്ക് അയയ്ക്കുക.