അപ്പോൾ ഏലീയാവ്: എന്റെ അടുക്കൽ വരുവിൻ എന്നു സർവജനത്തോടും പറഞ്ഞു. സർവജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ലെടുത്തു, കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടുണ്ടാക്കി. പിന്നെ അവൻ വിറക് അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്മീതെ വച്ചു; നാലു തൊട്ടിയിൽ വെള്ളം നിറച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു. രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. വെള്ളം യാഗപീഠത്തിന്റെ ചുറ്റും ഒഴുകി; അവൻ തോട്ടിലും വെള്ളം നിറച്ചു. ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്ക് ഉത്തരം അരുളേണമേ; നീ ദൈവംതന്നെ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്ന് ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരം അരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ട് കവിണ്ണു വീണു: യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം എന്നു പറഞ്ഞു. ഏലീയാവ് അവരോട്: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുത് എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻതോട്ടിനരികെ കൊണ്ടുചെന്നു, അവിടെവച്ചു വെട്ടിക്കൊന്നുകളഞ്ഞു. പിന്നെ ഏലീയാവ് ആഹാബിനോട്: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ട് എന്നു പറഞ്ഞു. ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിനു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽപർവതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞ് മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വച്ചു. തന്റെ ബാല്യക്കാരനോട്: നീ ചെന്നു കടലിനു നേരേ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ട്: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന് അവൻ പിന്നെയും ഏഴു പ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു. ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നുപറഞ്ഞു. അതിന് അവൻ: നീ ചെന്ന് ആഹാബിനോട്: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിനു രഥംപൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു. ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രെയേലിലേക്കു പോയി. എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രെയേലിൽ എത്തുംവരെ ആഹാബിനു മുമ്പായി ഓടി.
1 രാജാക്കന്മാർ 18 വായിക്കുക
കേൾക്കുക 1 രാജാക്കന്മാർ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാക്കന്മാർ 18:30-46
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ