1 രാജാക്കന്മാർ 18:22-39

1 രാജാക്കന്മാർ 18:22-39 MALOVBSI

പിന്നെ ഏലീയാവ് ജനത്തോടു പറഞ്ഞത്: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളൂ; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്. ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കാം. നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവംതന്നെ ദൈവം എന്ന് ഇരിക്കട്ടെ; അതിനു ജനം എല്ലാം: അതു നല്ലവാക്ക് എന്ന് ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവ് ബാലിന്റെ പ്രവാചകന്മാരോട്: നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി: ബാലേ, ഉത്തരം അരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിനു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു. ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷേ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു. അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചു. ഉച്ചതിരിഞ്ഞിട്ട് ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല. അപ്പോൾ ഏലീയാവ്: എന്റെ അടുക്കൽ വരുവിൻ എന്നു സർവജനത്തോടും പറഞ്ഞു. സർവജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ലെടുത്തു, കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടുണ്ടാക്കി. പിന്നെ അവൻ വിറക് അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്മീതെ വച്ചു; നാലു തൊട്ടിയിൽ വെള്ളം നിറച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു. രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. വെള്ളം യാഗപീഠത്തിന്റെ ചുറ്റും ഒഴുകി; അവൻ തോട്ടിലും വെള്ളം നിറച്ചു. ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്ക് ഉത്തരം അരുളേണമേ; നീ ദൈവംതന്നെ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്ന് ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരം അരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ട് കവിണ്ണു വീണു: യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം എന്നു പറഞ്ഞു.