1 രാജാക്കന്മാർ 17:1-16

1 രാജാക്കന്മാർ 17:1-16 MALOVBSI

എന്നാൽ ഗിലെയാദിലെ തിശ്ബിയിൽ നിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിനോട്: ഞാൻ സേവിച്ചു നില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു. പിന്നെ അവനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാനു കിഴക്കുള്ള കെരീത്ത്തോട്ടിനരികെ ഒളിച്ചിരിക്ക. തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിനു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു. അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോർദ്ദാനു കിഴക്കുള്ള കെരീത്ത്തോട്ടിനരികെ പാർത്തു. കാക്ക അവനു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്ത് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്ന് അവൻ കുടിക്കും. എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി. അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്ക് ചെന്ന് അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന് അവിടെ ഉള്ള ഒരു വിധവയോട് ഞാൻ കല്പിച്ചിരിക്കുന്നു. അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിനു പോയി. അവൻ പട്ടണവാതിൽക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെവെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു. അവൾ കൊണ്ടുവരുവാൻ പോകുമ്പോൾ ഒരു കഷണം അപ്പവുംകൂടെ നിന്റെ കൈയിൽ കൊണ്ടുപോരേണമേ എന്ന് അവൻ അവളോടു വിളിച്ചുപറഞ്ഞു. അതിന് അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്ന് എനിക്കും മകനുംവേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു. ഏലീയാവ് അവളോട്: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയൊരു അട ഉണ്ടാക്കിക്കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകനും വേണ്ടി ഉണ്ടാക്കിക്കൊൾക. യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അവൾ ചെന്ന് ഏലീയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തി കഴിച്ചു. യഹോവ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.