1 രാജാക്കന്മാർ 11:26-43

1 രാജാക്കന്മാർ 11:26-43 MALOVBSI

സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു. അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു. എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു. ഈ യൗവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ട് ശലോമോൻ യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു. ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശീലോന്യനായ അഹീയാപ്രവാചകൻ വഴിയിൽവച്ച് അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടു പേരും വയലിൽ തനിച്ചായിരുന്നു. അഹീയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ട് ഖണ്ഡമായി കീറി: യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ, പത്തു ഖണ്ഡം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ രാജത്വം ശലോമോന്റെ കൈയിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു. എന്നാൽ എന്റെ ദാസനായ ദാവീദിൻനിമിത്തവും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേംനഗരം നിമിത്തവും ഒരു ഗോത്രം അവന് ഇരിക്കും. അവർ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മിൽക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവർ എന്റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതുകൊണ്ടുതന്നെ. എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കൈയിൽനിന്ന് എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദ് നിമിത്തം ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വച്ചേക്കും. എങ്കിലും അവന്റെ മകന്റെ കൈയിൽനിന്നു ഞാൻ രാജത്വം എടുത്ത് നിനക്കു തരും; പത്തു ഗോത്രങ്ങളെതന്നെ. എന്റെ നാമം സ്ഥാപിക്കേണ്ടതിന് ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന് എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന് ഒരു ഗോത്രത്തെ കൊടുക്കും. നീയോ നിന്റെ ഇഷ്ടംപോലെയൊക്കെയും വാണു യിസ്രായേലിനു രാജാവായിരിക്കേണ്ടതിന് ഞാൻ നിന്നെ എടുത്തിരിക്കുന്നു. ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ കേട്ട് എന്റെ വഴികളിൽ നടന്ന് എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചുകൊണ്ട് എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിനു പണിതതുപോലെ നിനക്ക് സ്ഥിരമായൊരു ഗൃഹം പണിത് യിസ്രായേലിനെ നിനക്കു തരും. ദാവീദിന്റെ സന്തതിയെയോ ഞാൻ ഇതുനിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും. അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് മിസ്രയീമിൽ ശീശക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു. ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു. ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവനു പകരം രാജാവായി.