1 കൊരിന്ത്യർ 9:19-27

1 കൊരിന്ത്യർ 9:19-27 MALOVBSI

ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികം പേരെ നേടേണ്ടതിനു ഞാൻ എന്നെത്തന്നെ എല്ലാവർക്കും ദാസനാക്കി. യെഹൂദന്മാരെ നേടേണ്ടതിനു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻകീഴുള്ളവരെ നേടേണ്ടതിനു ഞാൻ ന്യായപ്രമാണത്തിൻകീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യായപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി. ദൈവത്തിനു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിനു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിനു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി. ബലഹീനന്മാരെ നേടേണ്ടതിനു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതു വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിനു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു. സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിനു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു. ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളൂ എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാൻ തക്കവണ്ണം ഓടുവിൻ. അങ്കം പൊരുന്നവനൊക്കെയും സകലത്തിലും വർജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ. ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നത്; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.