1 കൊരിന്ത്യർ 14:26-40

1 കൊരിന്ത്യർ 14:26-40 MALOVBSI

ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തനു സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്; സകലവും ആത്മികവർധനയ്ക്കായി ഉതകട്ടെ. അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നു പേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ. ഇരിക്കുന്നവനായ മറ്റൊരുവനു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്ക് എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ. പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നു. ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ. വിശുദ്ധന്മാരുടെ സർവസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്ക് അനുവാദമില്ല. അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് അനുചിതമല്ലോ. ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്കു മാത്രമോ വന്നത്? താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തനു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് കർത്താവിന്റെ കല്പന ആകുന്നു എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ. ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ. അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുത്. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.

1 കൊരിന്ത്യർ 14:26-40 - നുള്ള വീഡിയോ