1 കൊരിന്ത്യർ 12:1-27

1 കൊരിന്ത്യർ 12:1-27 MALOVBSI

സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവ് എന്നു പറയുവാൻ ആർക്കും കഴികയില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു. എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; ആത്മാവ് ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട് ; കർത്താവ് ഒരുവൻ. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻതന്നെ. എന്നാൽ ഓരോരുത്തന് ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു. ഒരുത്തന് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന് അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന് വീര്യപ്രവൃത്തികൾ; മറ്റൊരുവനു പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവനു പലവിധ ഭാഷകൾ; മറ്റൊരുവനു ഭാഷകളുടെ വ്യാഖ്യാനം. എന്നാൽ ഇത് എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന് അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവുതന്നെ. ശരീരം ഒന്നും, അതിന് അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു. ശരീരം ഒരു അവയവമല്ല പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല. ഞാൻ കണ്ണ് അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല. ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വച്ചിരിക്കുന്നു. സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നുതന്നെ. കണ്ണിനു കൈയോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും, തലയ്ക്കു കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറഞ്ഞുകൂടാ. ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾതന്നെ ആവശ്യമുള്ളവയാകുന്നു. ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവയ്ക്ക് അധികം അഴകു വരുത്തുന്നു; നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ. ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി ദൈവം കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു. അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിനു മാനം വന്നാൽ അവയവങ്ങളൊക്കെയുംകൂടെ സന്തോഷിക്കുന്നു. എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.