1 കൊരിന്ത്യർ 1:1-9

1 കൊരിന്ത്യർ 1:1-9 MALOVBSI

ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭയ്ക്ക്, ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കുതന്നെ, എഴുതുന്നത്; നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിനു നിങ്ങളെക്കുറിച്ച് എപ്പോഴും സ്തോത്രം ചെയ്യുന്നു. ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ അവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു. ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.