അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ച് അടക്കി, ഗത്തും അതിനോടു ചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കൈയിൽനിന്നു പിടിച്ചു. പിന്നെ അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യർ ദാവീദിന്റെ ദാസന്മാരായി കാഴ്ചകൊണ്ടുവന്നു. സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്തിങ്കൽ തന്റെ ആധിപത്യം ഉറപ്പിപ്പാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവച്ചു തോല്പിച്ചുകളഞ്ഞു. അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥക്കുതിരകളെ വച്ചുകൊണ്ടു ശേഷം രഥക്കുതിരകളെയൊക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു. സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തിരണ്ടായിരം പേരെ നിഗ്രഹിച്ചു. പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവൽപ്പട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായി കാഴ്ച കൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി. ഹദദേസെരിന്റെ ദാസന്മാർക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു. ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി. എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്‍രാജാവായ തോവൂ കേട്ടപ്പോൾ അവൻ ദാവീദുരാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്ത് അവനെ തോല്പിച്ചതുകൊണ്ട് അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസെരും തോവൂവും തമ്മിൽ കൂടെക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്ന്, വെള്ളി, താമ്രം ഇവകൊണ്ടുള്ള സകലവിധ സാധനങ്ങളെയും കൊണ്ടുവന്നു. ദാവീദുരാജാവ് അവയെ താൻ എദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക് മുതലായ സകല ജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു വിശുദ്ധീകരിച്ചു. സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്‌വരയിൽവച്ച് എദോമ്യരിൽ പതിനെണ്ണായിരം പേരെ സംഹരിച്ചു. ദാവീദ് എദോമിൽ കാവൽപ്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവനു ദാസന്മാർ ആയിത്തീർന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.
1 ദിനവൃത്താന്തം 18 വായിക്കുക
കേൾക്കുക 1 ദിനവൃത്താന്തം 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ദിനവൃത്താന്തം 18:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ