1 ദിനവൃത്താന്തം 17:16-27

1 ദിനവൃത്താന്തം 17:16-27 MALOVBSI

അപ്പോൾ ദാവീദ്‍രാജാവ് അകത്തു ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളൂ? ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്ക് അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥയ്ക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു. അടിയനു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടൂ? നീ അടിയനെ അറിയുന്നുവല്ലോ. യഹോവേ, അടിയൻ നിമിത്തവും നിന്റെ പ്രസാദപ്രകാരവും നീ ഈ മഹിമയൊക്കെയും പ്രവർത്തിച്ച് ഈ വൻകാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു. ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. മിസ്രയീമിൽനിന്നു നീ ഉദ്ധരിച്ച നിന്റെ ജനത്തിന്റെ മുമ്പിൽനിന്നു ജാതികളെ നീക്കിക്കളകയിൽ വലിയതും ഭയങ്കരവുമായ കാര്യങ്ങളാൽ നിനക്ക് ഒരു നാമം സമ്പാദിക്കേണ്ടതിന്: ദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വീണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ ഏതൊരു ജാതിയുള്ളൂ? നിന്റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവർക്കു ദൈവമായിത്തീരുകയും ചെയ്തുവല്ലോ. ആകയാൽ യഹോവേ, ഇപ്പോൾ നീ അടിയനെയും അടിയന്റെ ഗൃഹത്തെയുംകുറിച്ച് അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അരുളിച്ചെയ്തതുപോലെതന്നെ ചെയ്യേണമേ. സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിനു ദൈവം തന്നെ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്ത്വപ്പെടുകയും നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ. എന്റെ ദൈവമേ, അടിയനു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ട് അടിയൻ തിരുസന്നിധിയിൽ പ്രാർഥിപ്പാൻ ധൈര്യം പ്രാപിച്ചു. ആകയാൽ യഹോവേ, നീ തന്നെ ദൈവം; അടിയന് ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു. അതുകൊണ്ട് അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന് അതിനെ അനുഗ്രഹിപ്പാൻ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അത് എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.

1 ദിനവൃത്താന്തം 17:16-27 - നുള്ള വീഡിയോ