ZAKARIA 9

9
ദിവ്യദർശനം
1സർവേശ്വരന്റെ അരുളപ്പാട് ഹദ്രാക്ദേശത്തിനും ദമാസ്കസ്നഗരത്തിനും എതിരെ വന്നിരിക്കുന്നു. കാരണം എല്ലാ ഇസ്രായേൽഗോത്രങ്ങളെയുംപോലെ സിറിയൻനഗരങ്ങളും സർവേശ്വരൻറേതാകുന്നു. 2ഹദ്രാക്കിനോടു തൊട്ടുകിടക്കുന്ന ഹമാത്തും വളരെ വൈദഗ്ധ്യമുള്ള ജനങ്ങൾ പാർക്കുന്ന സോരും സീദോനും അങ്ങനെതന്നെ. 3സോർ കോട്ടകെട്ടി പൂഴിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും കുന്നുകൂട്ടി. 4എന്നാൽ സർവേശ്വരൻ അവൾക്കുള്ളതെല്ലാം എടുത്തുകളയും. അവളുടെ സമ്പത്ത് കടലിൽ എറിയും. അഗ്നി അവളെ വിഴുങ്ങും.
5അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സ അതിവേദനയാൽ പുളയും; പ്രത്യാശയ്‍ക്കു ഭംഗം വന്ന എക്രോനും അങ്ങനെതന്നെ ഭവിക്കും. ഗസ്സയിൽ രാജാവ് ഇല്ലാതെയാകും. 6അസ്കലോൻ വിജനമാകും. അസ്തോദിൽ ഒരു സങ്കരവർഗം പാർപ്പുറപ്പിക്കും. ഫെലിസ്ത്യരുടെ ഗർവിന് ഞാൻ അറുതിവരുത്തും. 7രക്തമുള്ള മാംസം അവർ ഇനിമേൽ ഭക്ഷിക്കുകയില്ല. മ്ലേച്ഛഭക്ഷണം അവരുടെ വായിൽനിന്നു നീക്കിക്കളയും; അവരിൽ അവശേഷിക്കുന്നവർ നമ്മുടെ ദൈവത്തിന്റെ സ്വന്തജനത്തിന്റെ ഭാഗമാകും. അവർ യെഹൂദ്യയിലെ ഒരു വർഗത്തെപ്പോലെ ആകും; എക്രോൻ നിവാസികൾ യെബൂസ്യരെപ്പോലെ എന്റെ ജനത്തിന്റെ ഭാഗമായിത്തീരും. 8ആർക്കും കയറിയിറങ്ങി നടക്കാൻ അരുതാത്തവിധം എന്റെ ആലയത്തിനു ഞാൻ കാവൽനില്‌ക്കും. ഒരു മർദകനും ഇനി അവരെ കീഴടക്കുകയില്ല. ഞാൻ അവരുടെ പീഡനം കാണുന്നുവല്ലോ.
സമാധാനപ്രഭു
9സീയോൻനിവാസികളേ, അത്യന്തം ആനന്ദിക്കുവിൻ! യെരൂശലേംനിവാസികളേ, ഉദ്‌ഘോഷിക്കുവിൻ. ഇതാ, നിങ്ങളുടെ രാജാവ് വരുന്നു. അവിടുന്നു പ്രതാപത്തോടെ വിജയശ്രീലാളിതനായി വരുന്നു. വിനീതനായി ചെറിയ കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു. 10സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും യെരൂശലേമിൽനിന്നു പോർക്കുതിരകളെയും ഛേദിച്ചു കളയും. പടവില്ല് നശിപ്പിക്കപ്പെടും. അവൻ ജനതകൾക്കിടയിൽ സമാധാനം വരുത്തും. അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറുതിവരെയും ആയിരിക്കും.
ദൈവജനത്തിന്റെ വീണ്ടെടുപ്പ്
11സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങളെ സംബന്ധിച്ചിടത്തോളം യാഗരക്തംകൊണ്ടു മുദ്രവച്ച നിങ്ങളുമായുള്ള എന്റെ ഉടമ്പടി നിമിത്തം നിങ്ങളുടെ പ്രവാസികളെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയയ്‍ക്കും. പ്രത്യാശയുള്ള ബന്ദികളേ, 12നിങ്ങളുടെ രക്ഷാദുർഗത്തിലേക്കു മടങ്ങിവരുവിൻ! നിങ്ങൾക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാൻ ഇന്നു പ്രഖ്യാപിക്കുന്നു. 13ഞാൻ യെഹൂദായെ എന്റെ വില്ലുപോലെ കുലച്ചു; എഫ്രയീമിനെ അതിന്റെ ശരമാക്കി. സീയോനേ, നിന്റെ നിവാസികളെ യവനദേശത്തിലെ നിവാസികൾക്കെതിരെ ഒരു പടവാൾപോലെ ഞാൻ പ്രയോഗിക്കും.
14അപ്പോൾ സർവേശ്വരൻ അവർക്കുമീതെ ദൃശ്യനാകും. അവിടുത്തെ ശരം മിന്നൽപ്പോലെ പായും. ദൈവമായ സർവേശ്വരൻ കാഹളം ഊതും; തെക്കൻ ചുഴലിക്കാറ്റിൽ അവിടുന്നു മുന്നേറും. 15സർവശക്തനായ സർവേശ്വരൻ സ്വന്തം ജനതയെ രക്ഷിക്കും. അവർ കവണക്കാരെ നശിപ്പിക്കും. പടവെട്ടുമ്പോൾ കുടിച്ചു മദിച്ചവരെപ്പോലെ അവർ യുദ്ധാങ്കണത്തിൽ അലറും. അവർ വൈരികളുടെ ചോര ചിന്തും; യാഗകലശം നിറയുന്നതുപോലെ അവിടം രക്തംകൊണ്ടു നിറയും. യാഗപീഠത്തിന്റെ കോണുകൾപോലെ അവിടം രക്തംകൊണ്ടു കുതിരും.
16തന്റെ അജഗണമായ ജനത്തെ ദൈവമായ സർവേശ്വരൻ അന്നു രക്ഷിക്കും. കിരീടത്തിൽ ശോഭിക്കുന്ന രത്നങ്ങൾപോലെ അവിടുത്തെ ദേശത്ത് അവർ തിളങ്ങും. 17ആ കാഴ്ച എത്ര ശ്രേഷ്ഠവും രമ്യവും ആയിരിക്കും! ധാന്യവും വീഞ്ഞും യുവതീയുവാക്കൾക്ക് ശക്തിപകരും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ZAKARIA 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക