ZAKARIA 6
6
നാലു രഥങ്ങൾ
1വീണ്ടും മറ്റൊരു ദർശനത്തിൽ ഓടുകൊണ്ടുള്ള രണ്ടു പർവതങ്ങളുടെ ഇടയിൽനിന്ന് നാലു രഥങ്ങൾ ഉയർന്നു വരുന്നതു ഞാൻ കണ്ടു. 2ഒന്നാമത്തെ രഥത്തിൽ ചുവന്ന കുതിരകളെയും രണ്ടാമത്തേതിൽ കറുത്ത കുതിരകളെയും 3മൂന്നാമത്തേതിൽ വെളുത്ത കുതിരകളെയും നാലാമത്തേതിൽ തവിട്ടു നിറത്തിൽ പുള്ളിയുള്ള കുതിരകളെയും പൂട്ടിയിരുന്നു. 4എന്നോടു സംസാരിച്ച ദൂതനോടു ഞാൻ ചോദിച്ചു: “പ്രഭോ, ഇതെന്താണ്?” 5“സമസ്തലോകത്തിന്റെയും സർവേശ്വരനായ അവിടുത്തെ സന്നിധിയിൽനിന്നു വരുന്ന ആകാശത്തിലെ നാലു കാറ്റുകളാകുന്നു അവർ” എന്നു ദൂതൻ പറഞ്ഞു. 6കറുത്ത കുതിരകളെ പൂട്ടിയ രഥം വടക്കേദേശത്തേക്കും വെളുത്തവയെ പൂട്ടിയതു പടിഞ്ഞാറേദേശത്തേക്കും പുള്ളിക്കുതിരകളെ പൂട്ടിയതു തെക്കേദേശത്തേക്കും പോകുന്നു. 7ഈ കുതിരകൾ ഭൂമിയിൽ എല്ലായിടത്തും സഞ്ചരിക്കാൻ വെമ്പൽകൊണ്ടു. ദൂതൻ അവയോട്, “നിങ്ങൾ പോയി ഭൂമിയിൽ ഉടനീളം സഞ്ചരിക്കുവിൻ” എന്ന് ആജ്ഞാപിച്ചു. അങ്ങനെ അവ ഭൂമിയിൽ സഞ്ചരിച്ചു. 8ദൂതൻ എന്നോടു വിളിച്ചു പറഞ്ഞു: “അതാ, വടക്കേദേശത്തേക്കു പോയവ അവിടെ എന്റെ കോപം ശമിപ്പിച്ചിരിക്കുന്നു.”
നവയെരൂശലേം
9വീണ്ടും സെഖര്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി: 10“നീ ബാബിലോണിൽനിന്നു മടങ്ങി എത്തിയ പ്രവാസികളായ ഹെൽദായി, തോബീയാ, യെദായാ എന്നിവരിൽനിന്ന് പൊന്നും വെള്ളിയും സ്വീകരിക്കുക. അതുമായി അന്നുതന്നെ സെഫന്യായുടെ മകനായ യോശിയായുടെ വീട്ടിൽ പോകുക. 11അവരിൽനിന്നു ലഭിച്ച സ്വർണവും വെള്ളിയുംകൊണ്ട് ഒരു കിരീടം ഉണ്ടാക്കി മഹാപുരോഹിതനായ യെഹോസാദാക്കിന്റെ പുത്രൻ യോശുവയുടെ ശിരസ്സിൽ അണിയിക്കുക. പിന്നീട് ഇങ്ങനെ പറയണം. 12സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇതാ ശാഖ എന്ന നാമമുള്ള മനുഷ്യൻ, അയാൾ തന്റെ സ്ഥലത്തുനിന്നു വളരും. അയാൾ സർവേശ്വരന്റെ മന്ദിരം പണിയും. 13അയാൾതന്നെ സർവേശ്വരന്റെ മന്ദിരം പണിയുകയും രാജകീയപ്രതാപത്തോടെ തന്റെ സിംഹാസനത്തിൽ വാണരുളുകയും ചെയ്യും. അയാളുടെ വലത്തുഭാഗത്ത് ഒരു പുരോഹിതൻ ഉണ്ടായിരിക്കും. അവർ ഇരുവരും ഒരുമയോടും സമാധാനത്തോടും വർത്തിക്കും. 14ഹെൽദായ്, തോബീയാ, യെദായി, സെഫന്യായുടെ പുത്രനായ യോശിയാ എന്നിവരുടെ സ്മരണയ്‍ക്കായി ആ കിരീടം സർവേശ്വരന്റെ ആലയത്തിൽ ഉണ്ടായിരിക്കും.”
15വിദൂരസ്ഥരായ ആളുകൾ വന്ന് സർവേശ്വരന്റെ ആലയത്തിന്റെ പണിയിൽ സഹായിക്കും; സർവശക്തനായ സർവേശ്വരനാണ് എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നത് എന്നു നിങ്ങൾ അറിയും. നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേട്ട് അനുസരിക്കുമെങ്കിൽ ഇതു സംഭവിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ZAKARIA 6: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.