ZAKARIA 13

13
ശുദ്ധീകരിക്കുന്ന നീരുറവ
1അന്ന് ദാവീദുവംശജരുടെയും യെരൂശലേംനിവാസികളുടെയും പാപവും മാലിന്യവും കഴുകി വെടിപ്പാക്കാൻ ഒരു നീരുറവ തുറക്കും.
2സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അന്നു വിഗ്രഹങ്ങളുടെ നാമങ്ങൾ ദേശത്തുനിന്നു ഞാൻ നീക്കം ചെയ്യും. പിന്നീട് അവയെ ആരും ഓർക്കുകയില്ല; പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും.
3“പിന്നീട് ആരെങ്കിലും പ്രവാചകനായി പ്രത്യക്ഷപ്പെട്ടാൽ സർവേശ്വരന്റെ നാമത്തിൽ നീ കളവു പറയുന്നതുകൊണ്ട് നീ ജീവനോടിരുന്നുകൂടാ എന്നു പറഞ്ഞുകൊണ്ട് അവന്റെ മാതാപിതാക്കൾ അവൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ അവനെ കുത്തിപ്പിളർക്കും. 4അന്നു പ്രവാചകന്മാർ പ്രവചിക്കുമ്പോൾ തങ്ങളുടെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും. കബളിപ്പിക്കാനായി രോമക്കുപ്പായം അവർ ധരിക്കുകയില്ല. 5പിന്നെയോ, ഞാൻ പ്രവാചകനല്ല; വെറും ഒരു കൃഷിക്കാരൻ; ഈ ഭൂമി ബാല്യംമുതൽ എന്റെ കൈവശമാണ് എന്ന് അയാൾ പറയും. 6‘നിന്റെ പുറത്തു കാണുന്ന ഈ മുറിവുകൾ എന്ത്’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘എന്റെ സ്നേഹിതന്മാരുടെ വീട്ടിൽവച്ച് എനിക്ക് ഏറ്റ മുറിവുകളാണിവ’ എന്ന് അയാൾ പറയും.”
ഇടയനെ വധിക്കാൻ കല്പന
7സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ഇടയനെതിരെ, എന്റെ സമീപത്തു നില്‌ക്കുന്നവനെതിരെ; വാളേ, നീ ഉയരുക. ഇടയനെ വെട്ടുക, ആടുകൾ ചിതറിപ്പോകട്ടെ; ആ ചെറിയവർക്കെതിരെ ഞാൻ കരം ഉയർത്തും. 8ദേശത്ത് ആകെയുള്ളവരിൽ മൂന്നിൽ രണ്ടു ഭാഗം വിച്ഛേദിക്കപ്പെട്ട് നശിച്ചുപോകും; മൂന്നിൽ ഒന്നു ജീവനോടെ അവശേഷിക്കും. 9ഈ മൂന്നിലൊരു ഭാഗത്തെ ഞാൻ തീയിലിട്ടു വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ശുദ്ധീകരിക്കും. സ്വർണം ശോധന ചെയ്യുന്നതുപോലെ അവരെ ശോധന ചെയ്യും. അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും; ഞാൻ അവർക്ക് ഉത്തരം അരുളും. ‘അവർ എന്റെ ജനം’ എന്നു ഞാൻ പറയും. ‘സർവേശ്വരൻ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ZAKARIA 13: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക