ROM 9:1-26

ROM 9:1-26 MALCLBSI

ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ പറയുന്നത് സത്യമാണ്; വ്യാജമല്ല. എന്റെ മാംസവും രക്തവുമായ സ്വന്തം ജനത്തെക്കുറിച്ച് എനിക്കുള്ള ദുഃഖം ബൃഹത്തും എന്റെ ഹൃദയവേദന അറുതിയില്ലാത്തതുമാണ്. ഞാൻ വ്യാജമല്ല പറയുന്നതെന്നു പരിശുദ്ധാത്മാവിനാൽ ഭരിക്കപ്പെടുന്ന എന്റെ മനസ്സാക്ഷി എനിക്ക് ഉറപ്പു നല്‌കുന്നു. എന്റെ സഹോദരരായ അവർക്കുവേണ്ടി ക്രിസ്തുവിൽനിന്നു വിച്ഛേദിതനായി ശാപഗ്രസ്തനാകുവാൻപോലും ഞാൻ തയ്യാറാണ്. അവർ ദൈവത്തിന്റെ ജനമായ ഇസ്രായേല്യരാണ്; ദൈവം അവരെ തന്റെ പുത്രന്മാരാക്കി; ദിവ്യതേജസ്സും, ഉടമ്പടികളും, നിയമങ്ങളും, ആരാധനയും വാഗ്ദാനങ്ങളുമെല്ലാം അവർക്കു നല്‌കി. പിതാക്കന്മാരും അവരുടേതാണ്. ക്രിസ്തു മനുഷ്യനായി അവതരിച്ചതും അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ! ആമേൻ. ദൈവത്തിന്റെ വചനം വ്യർഥമായി എന്നല്ല ഞാൻ പറയുന്നത്. ഇസ്രായേലിൽനിന്നു ജനിച്ചവരെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്യരല്ല. അബ്രഹാമിൽനിന്നു ജനിച്ചവരെല്ലാം യഥാർഥത്തിൽ അബ്രഹാമിന്റെ സന്തതികളല്ല. ‘ഇസ്ഹാക്കിൽനിന്നു ജനിക്കുന്നവർ മാത്രം നിന്റെ സന്തതികളായി എണ്ണപ്പെടും’ എന്നു ദൈവം അബ്രഹാമിനോട് അരുൾചെയ്തു. പ്രകൃത്യാ ജനിച്ച സന്താനങ്ങളല്ല ദൈവത്തിന്റെ മക്കൾ എന്നത്രേ ഇതിന്റെ സാരം. ദൈവത്തിന്റെ വാഗ്ദാനഫലമായി ജനിച്ചവരെയത്രേ യഥാർഥ സന്താനങ്ങളായി പരിഗണിക്കുന്നത്. ‘ഞാൻ യഥാവസരം തിരിച്ചുവരുമ്പോൾ സാറായ്‍ക്ക് ഒരു പുത്രനുണ്ടായിരിക്കും’ എന്നായിരുന്നു ദൈവത്തിന്റെ വാഗ്ദാനം. അതുമാത്രമല്ല, നമ്മുടെ പൂർവികനായ ഇസ്ഹാക്കിൽനിന്ന് റിബേക്കായ്‍ക്കു രണ്ടു പുത്രന്മാരാണു ജനിച്ചത്. എന്നാൽ അവർ ജനിക്കുന്നതിനുമുമ്പ്, നന്മയോ തിന്മയോ ചെയ്യുന്നതിനുമുമ്പു തന്നെ ‘മൂത്തവൻ ഇളയവനെ സേവിക്കും’ എന്നു ദൈവം റിബേക്കയോട് അരുൾചെയ്തു; പുത്രന്റെ തിരഞ്ഞെടുപ്പ് തികച്ചും ദൈവേഷ്ടപ്രകാരമായിരിക്കണം; അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം അരുൾചെയ്തത്. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ഏതെങ്കിലും പ്രവൃത്തിയെ ആധാരമാക്കിയല്ല, പ്രത്യുത അവിടുത്തെ വിളിയുടെ അടിസ്ഥാനത്തിലാണ്. ‘ഞാൻ യാക്കോബിനെ സ്നേഹിച്ചു; ഏശാവിനെ വെറുത്തു’ എന്നു വേദഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടല്ലോ. അങ്ങനെയെങ്കിൽ എന്താണു പറയുക? ദൈവം നീതിരഹിതനാണെന്നോ? ഒരിക്കലും അല്ല. “എനിക്കു കരുണ തോന്നുന്നവനോടു ഞാൻ കാരുണ്യം കാണിക്കുന്നു; എനിക്കു കനിവു തോന്നുന്നവനോടു കനിവു കാണിക്കുകയും ചെയ്യുന്നു” എന്നു ദൈവം മോശയോട് അരുൾചെയ്തു. അതുകൊണ്ട് മനുഷ്യന്റെ ഇച്ഛയിലോ പ്രയത്നത്തിലോ അല്ല ദൈവകാരുണ്യത്തിലത്രേ എല്ലാം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. “എന്റെ ശക്തി പ്രദർശിപ്പിക്കുന്നതിനു നിന്നെ ഉപയോഗിക്കുവാനും എന്റെ കീർത്തി ലോകത്തെങ്ങും പരത്തുവാനും മാത്രമാണ് ഞാൻ നിന്നെ രാജാവാക്കിയത്” എന്ന് ഈജിപ്തിലെ രാജാവായ ഫറവോനോടു പറയുന്നതായി വേദലിഖിതത്തിൽ‍ കാണുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോടു ദൈവത്തിനു കാരുണ്യമുണ്ട്; മനസ്സുള്ളവനെ അവിടുന്നു കഠിനഹൃദയനാക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ ‘ദൈവം മനുഷ്യനെ എന്തിനു കുറ്റപ്പെടുത്തണം? ദൈവത്തിന്റെ ഇഷ്ടത്തെ എതിർക്കുവാൻ ആർക്കു കഴിയും?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. എന്റെ സ്നേഹിതാ, ദൈവത്തോടു എതിർവാദം ചെയ്യുവാൻ നീ ആരാണ്? “അവിടുന്ന് എന്നെ ഇങ്ങനെ നിർമിച്ചതെന്തിന്?” എന്ന് ഒരു മൺകലം അതിന്റെ നിർമിതാവിനോടു ചോദിക്കുമോ? തന്റെ ഇഷ്ടംപോലെ കളിമണ്ണ് ഉപയോഗിക്കുന്നതിനും, വിശേഷാവസരത്തിൽ ഉപയോഗിക്കാനുള്ള പാത്രവും സാധാരണ ഉപയോഗത്തിനുള്ള പാത്രവും ഒരേ പിണ്ഡത്തിൽനിന്നു നിർമിക്കുന്നതിനും കുശവന് അവകാശമില്ലേ? ദൈവം ചെയ്തിരിക്കുന്നതും ഇതുപോലെയത്രേ. തന്റെ കോപം പ്രകടമാക്കുവാനും ശക്തി വെളിപ്പെടുത്തുവാനും ദൈവം ആഗ്രഹിച്ചു എങ്കിലും നശിപ്പിക്കപ്പെടുന്നതിന് നിർമിതമായ കോപപാത്രങ്ങളോട് അവിടുന്നു നിരന്തരക്ഷമയുള്ളവനായിരുന്നു. തന്റെ തേജസ്സ് പ്രാപിക്കുന്നതിനുവേണ്ടി അവിടുന്നു ഒരുക്കിയിരിക്കുന്നവരും അവിടുത്തെ കാരുണ്യപാത്രങ്ങളുമായ നമ്മുടെമേൽ തന്റെ മഹാതേജസ്സ് പ്രത്യക്ഷമാക്കുവാനും അവിടുന്നു നിശ്ചയിച്ചു. അതിനുവേണ്ടി യെഹൂദന്മാരിൽനിന്നു മാത്രമല്ല വിജാതീയരിൽനിന്നും വിളിക്കപ്പെട്ടവരത്രേ നാം. ഹോശേയായുടെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: എന്റെ ജനമല്ലാത്തവരെ എന്റെ ജനമെന്നു ഞാൻ വിളിക്കും; ഞാൻ സ്നേഹിക്കാത്ത ജനതയെ എന്റെ പ്രേമഭാജനമെന്നും ഞാൻ വിളിക്കും. ‘നിങ്ങൾ എന്റെ ജനമല്ല’ എന്നു പറഞ്ഞിരിക്കുന്നിടത്തു തന്നെ ‘ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്ന് അവർ വിളിക്കപ്പെടുമെന്ന് അവരോടു പറഞ്ഞിട്ടുണ്ട്.

ROM 9 വായിക്കുക

ROM 9:1-26 - നുള്ള വീഡിയോ