നിങ്ങൾ ഏതൊന്നിനെ അനുസരിക്കുന്നുവോ അതിനു നിങ്ങൾ അടിമകളാകുന്നു. ഏതൊന്നിന്റെ അടിമകളായി നിങ്ങൾ സ്വയം സമർപ്പിച്ച് അതിനെ അനുസരിക്കുന്നുവോ അതിനു നിങ്ങൾ വിധേയരുമാകുന്നു. മരണത്തിലേക്കു നയിക്കുന്ന പാപത്തെ സംബന്ധിച്ചും ദൈവനീതിയിലേക്കു നയിക്കുന്ന അനുസരണത്തെ സംബന്ധിച്ചും ഇതു ശരിയാണെന്നു നിങ്ങൾ അറിയുന്നില്ലേ? മുമ്പു പാപത്തിന്റെ അടിമകളായിരുന്നെങ്കിലും നിങ്ങൾക്കു ലഭിച്ച പ്രബോധനത്തിൽ കണ്ടെത്തിയ സത്യങ്ങളെ നിങ്ങൾ സർവാത്മനാ അനുസരിക്കുന്നു. നിങ്ങൾ പാപത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടുകയും ദൈവനീതിക്ക് അടിമകളായിത്തീരുകയും ചെയ്തു. ദൈവത്തിനു സ്തോത്രം! നിങ്ങളുടെ മാനുഷികമായ ദൗർബല്യം നിമിത്തം നിങ്ങൾക്കു മനസ്സിലാകുന്ന രീതിയിൽ ഇതു ഞാൻ പറയുന്നു. ധാർമികമായ അരാജകത്വത്തിലേക്കു നയിക്കുന്ന അശുദ്ധിക്കും ദുഷ്ടതയ്‍ക്കും അടിമകളായി നിങ്ങൾ നിങ്ങളെത്തന്നെ ഒരിക്കൽ സമർപ്പിച്ചിരുന്നു. അതുപോലെ നിങ്ങളെ നീതിക്കും വിശുദ്ധമായ ലക്ഷ്യങ്ങൾക്കുംവേണ്ടി ഇപ്പോൾ പൂർണമായും സമർപ്പിക്കുക. നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ ദൈവനീതിയുടെ നിർവഹണത്തിനു വിധേയരല്ലായിരുന്നു. അന്നു ചെയ്ത പ്രവൃത്തികൾ ഇപ്പോൾ ലജ്ജാവഹമായി നിങ്ങൾക്കു തോന്നുന്നു. അവ ചെയ്തതുകൊണ്ട് നിങ്ങൾക്ക് എന്തു നേട്ടമുണ്ടായി? അവയുടെ അന്ത്യം മരണമാണല്ലോ! ഇപ്പോൾ പാപത്തിൽനിന്നു നിങ്ങൾ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ ദൈവത്തിന്റെ ദാസന്മാരാണ്; നിങ്ങൾക്കുള്ള നേട്ടം ദൈവത്തിനു സമ്പൂർണമായി സമർപ്പിക്കപ്പെട്ട വിശുദ്ധജീവിതവും അതിന്റെ അന്ത്യം അനശ്വരജീവനുമാകുന്നു. പാപം അതിന്റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാൽ ദൈവത്തിന്റെ കൃപാവരം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.
ROM 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ROM 6:16-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ