ROM 15:14-33

ROM 15:14-33 MALCLBSI

എന്റെ സഹോദരരേ, നിങ്ങൾക്കു തികഞ്ഞ സ്വഭാവമേന്മയും, സകല ജ്ഞാനത്തിന്റെയും നിറവും, അന്യോന്യം പ്രബോധിപ്പിക്കുന്നതിനുള്ള കഴിവുമുണ്ടെന്ന് എനിക്കു നിശ്ചയമുണ്ട്. എങ്കിലും നിങ്ങൾ അനുസ്മരിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി എഴുതുവാൻ ഞാൻ മുതിരുന്നു. വിജാതീയർക്കുവേണ്ടി പ്രവർത്തിക്കുന്നതിനു ക്രിസ്തുയേശുവിന്റെ ദാസനായിരിക്കുവാൻ ദൈവം എനിക്കു നല്‌കിയിരിക്കുന്ന കൃപമൂലം ഞാൻ സധൈര്യം നിങ്ങൾക്കെഴുതുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ വിജാതീയർ വിശുദ്ധീകരിക്കപ്പെട്ട്, ദൈവത്തിനു സ്വീകാര്യമായ വഴിപാടായിത്തീരുന്നതിന്, ദൈവത്തിൽനിന്നുള്ള സുവിശേഷം ഘോഷിക്കുന്നതിൽ ആ കൃപമൂലം ഞാൻ ഒരു പുരോഹിതനായി വർത്തിക്കുന്നു. ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് ദൈവത്തിനുവേണ്ടി ഞാൻ ചെയ്യുന്ന സേവനത്തിൽ എനിക്ക് അഭിമാനം കൊള്ളുവാൻ കഴിയും. ദൈവത്തെ അനുസരിക്കുന്നതിനു വിജാതീയരെ നയിക്കുവാൻ എന്നിൽകൂടി, വാക്കുകളാലും പ്രവൃത്തികളാലും, അദ്ഭുതകർമങ്ങളാലും അടയാളങ്ങളാലും, ആത്മാവിന്റെ ശക്തിയാലും ക്രിസ്തു ചെയ്തിരിക്കുന്നതു പറയുവാൻ മാത്രമേ ഞാൻ തുനിയുന്നുള്ളൂ. അങ്ങനെ യെരൂശലേംമുതൽ ഇല്ലൂര്യവരെയുള്ള ദേശങ്ങളിലെങ്ങും ക്രിസ്തുവിനെപ്പറ്റിയുള്ള സുവിശേഷം ഞാൻ ഘോഷിച്ചിരിക്കുന്നു. മറ്റൊരാൾ ഇട്ട അടിസ്ഥാനത്തിൽ പണിതു എന്നു വരാതിരിക്കേണ്ടതിന് ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം ഘോഷിക്കണമെന്നത്രേ എന്റെ അഭിവാഞ്ഛ. അവിടുത്തെപ്പറ്റിയുള്ള അറിവു ലഭിച്ചിട്ടില്ലാത്തവർ അവിടുത്തെ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ, നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ശ്രമിച്ചെങ്കിലും ഇതുവരെയും സാധിച്ചില്ല. എന്നാൽ ഈ പ്രദേശങ്ങളിലുള്ള എന്റെ പ്രവർത്തനം പൂർത്തിയായിരിക്കുന്നതുകൊണ്ടും, നിങ്ങളെ വന്നു കാണാൻ ദീർഘകാലമായി ഞാൻ ആഗ്രഹിക്കുന്നതുകൊണ്ടും, സ്പെയിനിലേക്കു പോകുന്നവഴി നിങ്ങളെ സന്ദർശിക്കാമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങോട്ടു പോകുന്നതിനാവശ്യമുള്ള സഹായം നിങ്ങളിൽനിന്നു ലഭിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഏതായാലും, യെരൂശലേമിലെ സഹോദരന്മാർക്കുള്ള സംഭാവനയുമായി ഞാൻ ഇപ്പോൾ അവിടേക്കു പോകുകയാണ്. അവരിൽ ദരിദ്രരായവർക്കു ധനസഹായം നല്‌കുന്നതിനു മാസിഡോണിയയിലെയും അഖായയിലെയും സഭകൾ തീരുമാനിച്ചിരിക്കുന്നു. അപ്രകാരം ചെയ്യുന്നതിന് അവർ സ്വയം നിശ്ചയിച്ചതാണ്. വാസ്തവം പറഞ്ഞാൽ യെരൂശലേമിലുള്ളവരെ സഹായിക്കുവാൻ അവർക്കു കടപ്പാടുമുണ്ട്; യെഹൂദന്മാരായ വിശ്വാസികൾ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങൾ വിജാതീയർക്കു പങ്കിട്ടല്ലോ; അതുകൊണ്ടു വിജാതീയർ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങൾകൊണ്ട് അവരെയും സഹായിക്കേണ്ടതാണ്. അവർക്കുവേണ്ടി പിരിച്ചെടുത്ത പണം അത്രയും അവരെ ഏല്പിച്ച് ഈ ജോലി പൂർത്തിയാക്കിയശേഷം സ്പെയിനിലേക്കു പോകുന്നവഴി ഞാൻ നിങ്ങളുടെ അടുക്കലെത്തും. ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹത്തോടുകൂടിയായിരിക്കും ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതെന്ന് എനിക്കറിയാം. സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവും, ആത്മാവു നല്‌കുന്ന സ്നേഹവും മുഖാന്തരം ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു: യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും, യെരൂശലേമിലെ എന്റെ ശുശ്രൂഷ അവിടത്തെ വിശ്വാസികൾക്കു സ്വീകാര്യമായിത്തീരേണ്ടതിനും, എന്നോട് ചേർന്ന് എനിക്കുവേണ്ടി ശുഷ്കാന്തിയോടെ പ്രാർഥിക്കുക. അങ്ങനെ ആനന്ദപൂർണനായി ഞാൻ നിങ്ങളുടെ അടുക്കൽ വരും; നിങ്ങളെ സന്ദർശിക്കുന്നത് എനിക്ക് ഉന്മേഷപ്രദമായിത്തീരുകയും ചെയ്യും. സമാധാനത്തിന്റെ ഉറവിടമായ നമ്മുടെ ദൈവം നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ! ആമേൻ.

ROM 15 വായിക്കുക

ROM 15:14-33 - നുള്ള വീഡിയോ