ROM 10:14-21

ROM 10:14-21 MALCLBSI

എന്നാൽ അവർ വിശ്വസിക്കാതെ എങ്ങനെ വിളിച്ചപേക്ഷിക്കും? കേൾക്കാതെ എങ്ങനെ വിശ്വസിക്കും? സദ്‍വാർത്ത പ്രഖ്യാപനം ചെയ്യാതെ എങ്ങനെ കേൾക്കും? അയയ്‍ക്കപ്പെടാതെ എങ്ങനെ പ്രഖ്യാപനം ചെയ്യും? ‘സദ്‍വാർത്ത അറിയിക്കുന്നവരുടെ വരവ് എത്ര സന്തോഷപ്രദം!’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. എന്നാൽ എല്ലാവരും സദ്‍വാർത്ത സ്വീകരിച്ചിട്ടില്ല. ‘സർവേശ്വരാ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു? എന്ന് യെശയ്യാ തന്നെ ചോദിക്കുന്നു. വിശ്വാസം ഉണ്ടാകുന്നത് ആ സദ്‍വാർത്ത കേൾക്കുന്നതുകൊണ്ടും കേൾക്കുന്നത് ക്രിസ്തുവിനെ സംബന്ധിച്ചു പ്രസംഗിക്കുന്നതുകൊണ്ടും ആകുന്നു. എന്നാൽ അവർ അതു കേട്ടിട്ടില്ലേ? എന്നാണു ഞാൻ ചോദിക്കുന്നത്. തീർച്ചയായും അവർ കേട്ടിട്ടുണ്ട്. അവരുടെ ശബ്ദത്തിന്റെ ധ്വനി ലോകത്തെങ്ങും വ്യാപിച്ചു; അവരുടെ വാക്കുകൾ ലോകത്തിന്റെ അറുതിവരെയും എത്തിയിരിക്കുന്നു എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്. ഇസ്രായേൽജനം ഇതൊന്നും ഗ്രഹിച്ചില്ലേ എന്നു ഞാൻ വീണ്ടും ചോദിക്കുന്നു. ആദ്യംതന്നെ മോശ പറയുന്നു: യഥാർഥ ജനതയല്ലാത്തവർ മൂലം ഞാൻ നിങ്ങൾക്ക് അസൂയ വരുത്തും; അജ്ഞരായ ജനതമൂലം നിങ്ങളെ ഞാൻ കോപിഷ്ഠരാക്കും. യെശയ്യാ പ്രവാചകനാകട്ടെ, എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ആരായാത്തവർക്കു ഞാൻ പ്രത്യക്ഷനായി എന്നു പറയുവാൻ ധൈര്യപ്പെടുന്നു. എന്നാൽ ഇസ്രായേലിനെക്കുറിച്ച് പ്രവാചകൻ പറയുന്നത് ഇങ്ങനെയാണ്: “എന്നെ അനുസരിക്കാത്തവരും എന്നോട് എതിർക്കുന്നവരുമായ ജനത്തെ സ്വീകരിക്കുവാൻ ഞാൻ ഇടവിടാതെ കൈനീട്ടി.”

ROM 10 വായിക്കുക

ROM 10:14-21 - നുള്ള വീഡിയോ