ROM 10:1-11

ROM 10:1-11 MALCLBSI

സഹോദരരേ, എന്റെ സ്വന്തം ജനം രക്ഷിക്കപ്പെടണമെന്ന് ഞാൻ എത്രമാത്രം അഭിവാഞ്ഛിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു! ദൈവത്തെ സംബന്ധിച്ച കാര്യങ്ങളിൽ അവർ അത്യന്തം ശുഷ്കാന്തിയുള്ളവരാണെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. പക്ഷേ അവരുടെ ശുഷ്കാന്തി യഥാർഥ പരിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ദൈവം മനുഷ്യരെ തന്നോടുള്ള ഉറ്റബന്ധത്തിലാക്കിത്തീർക്കുന്നതെങ്ങനെയെന്ന് അറിയാതെ, തങ്ങളുടെ സ്വന്തം മാർഗം സ്ഥാപിക്കുവാനാണ് അവർ ശ്രമിക്കുന്നത്. അതിനാൽ മനുഷ്യരെ തന്നോടു ബന്ധിപ്പിക്കുന്ന ദൈവത്തിന്റെ മാർഗത്തിന് അവർ വഴങ്ങിയിട്ടില്ല. വിശ്വസിക്കുന്ന ഏതൊരുവനെയും കുറ്റമറ്റവനായി ദൈവം അംഗീകരിക്കത്തക്കവണ്ണം ക്രിസ്തു യെഹൂദ ധർമശാസ്ത്രത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. ‘ധർമശാസ്ത്രത്തിന്റെ അനുശാസനങ്ങൾ അനുസരിക്കുന്നവൻ അതുമൂലം ജീവിക്കും’ - ഇതാണ് ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാർഗമായി മോശ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിശ്വാസത്താൽ ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ക്രിസ്തുവിനെ ഇറക്കിക്കൊണ്ടു വരുന്നതിന് ആർ സ്വർഗത്തിലേക്കു കയറും എന്നു നിങ്ങൾ ചിന്തിക്കരുത്. “മരിച്ചവരുടെ ഇടയിൽനിന്ന് ക്രിസ്തുവിനെ ഉത്ഥാനം ചെയ്യിക്കുന്നതിന് ആർ അധോലോകത്തിലേക്ക് ഇറങ്ങും?” എന്നും ചിന്തിക്കരുത്. അതിനെക്കുറിച്ച് വേദലിഖിതത്തിൽ‍ കാണുന്നത് ഇതാണ്: ദൈവത്തിന്റെ സന്ദേശം നിങ്ങളുടെ സമീപത്തുണ്ട്, നിങ്ങളുടെ അധരങ്ങളിലും നിങ്ങളുടെ ഹൃദയത്തിലും തന്നെ.’ ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്ന വിശ്വാസത്തിന്റെ സന്ദേശം അതുതന്നെയാണ്. യേശു കർത്താവാകുന്നു എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ ദൈവം നിന്നെ രക്ഷിക്കും. ഹൃദയംകൊണ്ടു വിശ്വസിക്കുന്നതുമൂലം ദൈവം നമ്മെ അംഗീകരിക്കുന്നു; അധരംകൊണ്ട് ഉദ്ഘോഷിക്കുന്നതുമൂലം ദൈവം നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ‘ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരികയില്ല’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു.

ROM 10 വായിക്കുക

ROM 10:1-11 - നുള്ള വീഡിയോ