SAM 89:1-8
SAM 89:1-8 MALCLBSI
സർവേശ്വരാ, ഞാൻ എന്നും അവിടുത്തെ അചഞ്ചലസ്നേഹത്തെ പ്രകീർത്തിക്കും. ഞാൻ എന്നും അവിടുത്തെ വിശ്വസ്തതയെ പ്രഘോഷിക്കും. അവിടുത്തെ സ്നേഹം എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്. അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: “എന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസനോടു ഞാൻ ഉടമ്പടിയുണ്ടാക്കി. എന്റെ ദാസനായ ദാവീദിനോടു സത്യം ചെയ്തു. നിന്റെ സന്തതികളെ ഞാൻ സുസ്ഥിരമാക്കും; അവർ നിന്റെ സിംഹാസനത്തിൽ എന്നേക്കും വാഴും. സർവേശ്വരാ, സ്വർഗം അവിടുത്തെ അദ്ഭുതപ്രവൃത്തികൾ സ്തുതിക്കട്ടെ; അങ്ങയുടെ വിശ്വസ്തത ദിവ്യസഭയിൽ പ്രകീർത്തിക്കപ്പെടട്ടെ. സർവേശ്വരനു സമനായി സ്വർഗത്തിൽ ആരുണ്ട്? ദേവഗണത്തിൽ സർവേശ്വരനു തുല്യനായി ആരുണ്ട്? ദേവസഭയിൽ എല്ലാവരും അങ്ങയെ ഭയപ്പെടുന്നു, അവർ അങ്ങയുടെ ചുറ്റും ഭയഭക്തിയോടെ നില്‌ക്കുന്നു. സർവശക്തനായ ദൈവമേ, സർവേശ്വരാ, അങ്ങയെപ്പോലെ ബലവാൻ ആരുണ്ട്? വിശ്വസ്തത അങ്ങയെ വലയം ചെയ്തിരിക്കുന്നു.

