SAM 6
6
ഒരു വിലാപം
ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, അഷ്ടമരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം
1സർവേശ്വരാ, കോപത്തോടെ എന്നെ ശാസിക്കരുതേ!
ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ.
2പരമനാഥാ, ഞാൻ തളർന്നിരിക്കുന്നു.
എന്നോടു കരുണയുണ്ടാകണമേ.
നാഥാ, എന്റെ അസ്ഥികൾപോലും ഉലഞ്ഞിരിക്കുന്നു.
എനിക്കു സൗഖ്യമരുളണമേ.
3സർവേശ്വരാ, എന്റെ ആത്മാവും അസ്വസ്ഥമായിരിക്കുന്നു;
എത്രനാൾ അങ്ങ് അകന്നുനില്‌ക്കും?
4പരമനാഥാ, എന്നെ കടാക്ഷിച്ച് എന്റെ പ്രാണനെ രക്ഷിക്കണമേ.
അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്നെ വിടുവിക്കണമേ.
5മൃതലോകത്തിൽ ആർ അങ്ങയെ അനുസ്മരിക്കും?
പാതാളത്തിൽ ആർ അങ്ങയെ സ്തുതിക്കും?
6കരഞ്ഞു കരഞ്ഞ് ഞാൻ തളർന്നിരിക്കുന്നു.
രാത്രിതോറും കണ്ണീർ ഒഴുകി എന്റെ കിടക്ക നനയുന്നു.
എന്റെ തലയണ കണ്ണീരിൽ കുതിരുന്നു.
7ദുഃഖംകൊണ്ട് എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു.
ശത്രുക്കൾ നിമിത്തം അവ കരഞ്ഞു തളർന്നിരിക്കുന്നു.
8അധർമികളേ, എന്നിൽനിന്ന് അകന്നു പോകുവിൻ.
എന്റെ നിലവിളി സർവേശ്വരൻ കേട്ടിരിക്കുന്നു.
9അവിടുന്ന് എന്റെ യാചന കേൾക്കുന്നു;
എന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളുന്നു.
10എന്റെ ശത്രുക്കൾ ലജ്ജിച്ചുപോകും;
അവർ പരിഭ്രാന്തരാകും.
അവർക്ക് നാണിച്ചു പിന്തിരിയേണ്ടിവരും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 6: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.