SAM 37:1-22

SAM 37:1-22 MALCLBSI

ദുഷ്കർമികൾ നിമിത്തം നീ അസ്വസ്ഥനാകേണ്ടാ; അധർമികളോട് അസൂയപ്പെടുകയും വേണ്ടാ. പുല്ലുപോലെ അവർ പെട്ടെന്ന് ഉണങ്ങിക്കരിയും; ഇളംചെടിപോലെ അവർ വാടിപ്പോകും. സർവേശ്വരനിൽ വിശ്വാസമർപ്പിക്കുക നന്മ പ്രവർത്തിക്കുക. അപ്പോൾ നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം. സർവേശ്വരനിൽ ആനന്ദിക്കുക. അവിടുന്നു നിന്റെ ആഗ്രഹങ്ങൾ നിറവേറ്റും. നിന്നെത്തന്നെ സർവേശ്വരനെ ഭരമേല്പിക്കുക; അവിടുന്നു നിനക്കുവേണ്ടി പ്രവർത്തിക്കും. അവിടുന്നു നിന്റെ നീതിയെ പകൽവെളിച്ചം പോലെയും നിന്റെ പരമാർഥതയെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. സർവേശ്വരന്റെ മുമ്പിൽ സ്വസ്ഥനായിരിക്കുക. അവിടുന്നു പ്രവർത്തിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ. കോപശീലം അരുത്; ക്രോധം ഉപേക്ഷിക്കുക; മനസ്സിളകരുത്. തിന്മയിലേക്കേ അതു നയിക്കൂ. ദുർജനം ഉന്മൂലനം ചെയ്യപ്പെടും; സർവേശ്വരനിൽ ശരണപ്പെടുന്നവർക്കു ദേശം അവകാശമായി ലഭിക്കും. ദുഷ്ടൻ നശിക്കാൻ ഏറെക്കാലം വേണ്ട; അവനെ അവന്റെ സങ്കേതത്തിൽ തിരഞ്ഞാലും കണ്ടെത്തുകയില്ല. എന്നാൽ സൗമ്യശീലനു ദേശം അവകാശമായി ലഭിക്കും ഐശ്വര്യപൂർണതയിൽ അവൻ ആനന്ദിക്കും. ദുഷ്ടൻ നീതിമാനെതിരെ ദ്രോഹാലോചന നടത്തുകയും; അവന്റെ നേരേ പല്ലുകടിക്കുകയും ചെയ്യുന്നു. സർവേശ്വരൻ ദുഷ്ടനെ പരിഹസിക്കുന്നു; അവന്റെ വിനാശം അടുത്തിരിക്കുന്നു എന്ന് അവിടുന്ന് അറിയുന്നു. എളിയവനെയും ദരിദ്രനെയും നശിപ്പിക്കാനും ധർമനിഷ്ഠരെ വധിക്കാനും; ദുഷ്ടർ വാളൂരുകയും വില്ലു കുലയ്‍ക്കുകയും ചെയ്യുന്നു. അവരുടെ വാളുകൾ അവരുടെ ഹൃദയംതന്നെ ഭേദിക്കും, അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാൾ, നീതിമാന്റെ അല്പമാണ് അഭികാമ്യം. ദുഷ്ടരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; സർവേശ്വരൻ നീതിനിഷ്ഠരെ സംരക്ഷിക്കും. നിഷ്കളങ്കരെ സർവേശ്വരൻ പരിപാലിക്കുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. അനർഥകാലത്ത് അവർ ലജ്ജിതരാകയില്ല; ക്ഷാമകാലത്ത് അവർക്കു സമൃദ്ധി ഉണ്ടായിരിക്കും. എന്നാൽ ദുഷ്ടർ നശിച്ചുപോകും; സർവേശ്വരന്റെ ശത്രുക്കൾ കാട്ടുപൂക്കൾ പോലെ അപ്രത്യക്ഷരാകും. അവർ പുകപോലെ മാഞ്ഞുപോകും. ദുഷ്ടനു കടംവാങ്ങിയതു വീട്ടാൻ കഴിയുകയില്ല. എന്നാൽ, നീതിമാൻ ഉദാരമായി ദാനം ചെയ്യുന്നു. സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവർ ദേശം കൈവശമാക്കും; ശപിക്കപ്പെട്ടവരാകട്ടെ ഉന്മൂലനം ചെയ്യപ്പെടും.

SAM 37 വായിക്കുക