SAM 35:17-28

SAM 35:17-28 MALCLBSI

സർവേശ്വരാ, അങ്ങ് എത്രകാലം ഇതു നോക്കിനില്‌ക്കും? അവരുടെ ആക്രമണങ്ങളിൽനിന്ന് എന്നെ രക്ഷിക്കണമേ. ഈ സിംഹങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ. അപ്പോൾ അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയിൽ; ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. സമൂഹമധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും. അകാരണമായി എന്നെ ദ്വേഷിച്ചവർ; എന്നെക്കുറിച്ചു സന്തോഷിക്കാൻ ഇടയാക്കരുതേ. കാരണം കൂടാതെ എന്നെ വെറുക്കുന്നവർ എന്നെ പരിഹസിക്കരുതേ. അവർക്കു സമാധാനം ആവശ്യമില്ല; ശാന്തരായി കഴിയുന്നവർക്കെതിരെ അവർ വഞ്ചന നിരൂപിക്കും. ‘ആഹാ, നീ ചെയ്തതു ഞങ്ങൾ കണ്ടല്ലോ,’ എന്നവർ പരിഹാസത്തോടെ വിളിച്ചുകൂകും. എന്നാൽ സർവേശ്വരാ, അവിടുന്നെല്ലാം കാണുന്നുവല്ലോ. അങ്ങു മൗനമായിരിക്കരുതേ; നാഥാ, എന്നിൽനിന്ന് അകന്നിരിക്കരുതേ! എന്റെ ദൈവമായ സർവേശ്വരാ, ഉണർന്നെഴുന്നേല്‌ക്കണമേ; എനിക്കു നീതിയും ന്യായവും നടത്തിത്തരണമേ, അവിടുന്നു നീതിമാനാണല്ലോ, എനിക്കു നീതി നടത്തിത്തന്നാലും; അവർ എന്നെക്കുറിച്ചു സന്തോഷിക്കാൻ ഇടയാക്കരുതേ. ‘ഞങ്ങൾ ആഗ്രഹിച്ചതു നടന്നല്ലോ; ഞങ്ങൾ അവന്റെ ഉന്മൂലനാശം വരുത്തിയല്ലോ’ എന്ന് അവർ പറയാതിരിക്കട്ടെ. എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിക്കട്ടെ. എനിക്കെതിരെ വീമ്പിളക്കിയവർ, ലജ്ജിതരും അപമാനിതരും ആകട്ടെ. എനിക്കു നീതി ലഭിക്കാൻ ആഗ്രഹിച്ചവർ ആർപ്പുവിളിച്ച് ആഹ്ലാദിക്കട്ടെ. ‘അവിടുത്തെ ദാസന്റെ ശ്രേയസ്സിൽ സന്തോഷിക്കുന്ന സർവേശ്വരൻ എത്ര വലിയവൻ’ എന്ന് അവർ എപ്പോഴും പറയട്ടെ. അവിടുത്തെ നീതിയും സ്തുതിയും ഞാൻ രാപ്പകൽ ഘോഷിക്കും.

SAM 35 വായിക്കുക