SAM 25:1-15

SAM 25:1-15 MALCLBSI

സർവേശ്വരാ, ഞാൻ അങ്ങയെ ആരാധിക്കുന്നു; ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു. എന്റെ ദൈവമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ലജ്ജിതനാകാൻ എനിക്ക് ഇടവരരുതേ; എന്റെമേൽ ജയഘോഷംകൊള്ളാൻ ശത്രുക്കൾക്ക് ഇട കൊടുക്കരുതേ. അങ്ങയിൽ പ്രത്യാശവയ്‍ക്കുന്നവർ നിരാശരാകാതിരിക്കട്ടെ. അകാരണമായി ദ്രോഹിക്കുന്നവർ അപമാനിതരാകും. അവിടുത്തെ വഴികൾ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ മാർഗങ്ങൾ എനിക്കു മനസ്സിലാക്കിത്തരണമേ. അവിടുത്തെ സത്യത്തിൽ വഴിനടക്കാൻ എന്നെ പഠിപ്പിച്ചാലും; അവിടുന്ന് എന്റെ രക്ഷകനായ ദൈവമാണല്ലോ; ഞാൻ എപ്പോഴും അങ്ങയിൽ ശരണപ്പെടുന്നു. സർവേശ്വരാ, പണ്ടുമുതലേ അവിടുന്നു ഞങ്ങളോടു കാണിച്ച കരുണയും സുസ്ഥിരസ്നേഹവും ഓർക്കണമേ. എന്റെ യൗവനകാലപാപങ്ങളും അതിക്രമങ്ങളും അവിടുന്ന് ഓർക്കരുതേ; അവിടുത്തെ അചഞ്ചലസ്നേഹത്തിനും കരുണയ്‍ക്കും ഒത്തവിധം സർവേശ്വരാ, എന്നെ അനുസ്മരിച്ചാലും. സർവേശ്വരൻ നല്ലവനും നീതിമാനും ആണ്. അവിടുന്നു പാപികൾക്കു നേർവഴി കാട്ടുന്നു. എളിയവരെ അവിടുന്നു നീതിമാർഗത്തിൽ നയിക്കുന്നു; അവിടുത്തെ വഴി അവരെ പഠിപ്പിക്കുന്നു. സർവേശ്വരന്റെ ഉടമ്പടിയും കല്പനകളും പാലിക്കുന്നവരെ സുസ്ഥിരസ്നേഹത്തിലും സത്യത്തിലും അവിടുന്നു വഴിനടത്തും. സർവേശ്വരാ, അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം എന്റെ ബഹുലമായ പാപങ്ങൾ ക്ഷമിക്കണമേ. സർവേശ്വരനോടു ഭയഭക്തിയുള്ളവൻ ചരിക്കേണ്ട പാത അവിടുന്ന് അവനു കാണിച്ചുകൊടുക്കും. അവൻ ഐശ്വര്യത്തോടെ വസിക്കും; അവന്റെ സന്തതി ദേശം സ്വന്തമാക്കും. സർവേശ്വരൻ തന്റെ ഭക്തന്മാരോടു സൗഹൃദം കാണിക്കുന്നു. അവിടുത്തെ ഉടമ്പടി അവർക്കു വെളിപ്പെടുത്തുന്നു. സർവേശ്വരനെ ഞാൻ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു; അവിടുന്നെന്റെ കാലുകളെ കെണിയിൽ നിന്നു വിടുവിക്കുന്നു.

SAM 25 വായിക്കുക