SAM 141

141
ആശ്രയത്തിനായി അപേക്ഷിക്കുന്നു
ദാവീദിന്റെ സങ്കീർത്തനം
1സർവേശ്വരാ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
എന്റെ സഹായത്തിനായി വേഗം വരണമേ.
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ പ്രാർഥന കേൾക്കണമേ.
2എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപാർപ്പണമായും
കൈകൾ ഉയർത്തുന്നതു സായാഹ്നയാഗമായും സ്വീകരിക്കണമേ.
3സർവേശ്വരാ, എന്റെ വായ്‍ക്കു കാവൽ ഏർപ്പെടുത്തണമേ,
എന്റെ നാവിനു കടിഞ്ഞാണിടണമേ.
4എന്റെ ഹൃദയം തിന്മയിലേക്കു ചായുവാൻ അനുവദിക്കരുതേ.
ദുഷ്കർമികളോടുകൂടി ദുഷ്പ്രവൃത്തികളിൽ
ഏർപ്പെടാൻ എനിക്ക് ഇടയാക്കരുതേ.
അവരുടെ ഇഷ്ടഭോജ്യങ്ങൾ ഭക്ഷിക്കാൻ എനിക്ക് ഇടവരുത്തരുതേ,
5 # 141:5 വാക്യം 5-7 വരെ ഹീബ്രു മൂലം അവ്യക്തം. എന്റെ നന്മയ്‍ക്കുവേണ്ടി നീതിമാൻ എന്നെ അടിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ.
എന്നാൽ ദുഷ്ടൻ എന്റെ ശിരസ്സിൽ തൈലം പൂശി എന്നെ ആദരിക്കാതിരിക്കട്ടെ.
അവരുടെ ദുർവൃത്തികൾക്കെതിരെയാണല്ലോ എന്റെ നിരന്തരമായ പ്രാർഥന.
6അവരുടെ ന്യായാധിപന്മാരെ പാറയിൽനിന്നു താഴേക്കു തള്ളിയിടുമ്പോൾ,
എന്റെ വാക്കുകൾ സത്യമെന്നു ജനം അറിയും.
7വിറകു കീറിയിട്ടിരിക്കുന്നതുപോലെ,
അവരുടെ അസ്ഥികൾ പാതാളവാതില്‌ക്കൽ ചിതറിക്കിടക്കും.
8ദൈവമായ സർവേശ്വരാ, ഞാൻ അങ്ങയെ നോക്കുന്നു.
ഞാൻ അങ്ങയിൽ അഭയം തേടുന്നു.
അരക്ഷിതനായി എന്നെ ഉപേക്ഷിക്കരുതേ.
9അവർ എനിക്കുവേണ്ടി ഒരുക്കിയ കെണിയിൽ നിന്നു,
ദുഷ്ടമനുഷ്യരുടെ കെണിയിൽനിന്നു തന്നെ, എന്നെ രക്ഷിക്കണമേ.
10ദുഷ്ടർ സ്വന്തം വലകളിൽതന്നെ അകപ്പെടട്ടെ.
ഞാനോ രക്ഷപെടട്ടെ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 141: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക