SAM 119:81-96

SAM 119:81-96 MALCLBSI

ഞാൻ രക്ഷയ്‍ക്കായി കാത്തിരുന്നു തളരുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തതു ലഭിക്കാൻ കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങ് എപ്പോൾ എന്നെ ആശ്വസിപ്പിക്കും? പുകയേറ്റ തോൽക്കുടം പോലെയായി ഞാൻ. എങ്കിലും ഞാൻ അങ്ങയുടെ ചട്ടങ്ങൾ മറന്നിട്ടില്ല. എത്രനാൾ അവിടുത്തെ ദാസൻ സഹിച്ചു നില്‌ക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അവിടുന്നു ശിക്ഷിക്കുക? അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്ത അഹങ്കാരികൾ എന്നെ വീഴ്ത്താൻ കുഴി കുഴിച്ചിരിക്കുന്നു. അങ്ങയുടെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു. അവർ എന്നെ വ്യാജം പറഞ്ഞു ദ്രോഹിക്കുന്നു. എന്നെ സഹായിക്കണമേ. അവർ എന്റെ ഭൂലോകവാസം അവസാനിപ്പിക്കാറായി, എങ്കിലും അവിടുത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹത്താൽ എന്റെ ജീവനെ രക്ഷിക്കണമേ. അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന കല്പനകളെ ഞാൻ അനുസരിക്കട്ടെ. പരമനാഥാ, അങ്ങയുടെ വചനം സ്വർഗത്തിൽ എന്നേക്കും സുസ്ഥിരമാകുന്നു. അവിടുത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു. അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചു; അതു നിലനില്‌ക്കുന്നു. സർവസൃഷ്‍ടികളും അവിടുത്തെ നിയോഗമനുസരിച്ച് ഇന്നുവരെ നിലനില്‌ക്കുന്നു. അവ അവിടുത്തെ ദാസരാണല്ലോ. അങ്ങയുടെ ധർമശാസ്ത്രം എന്റെ ആനന്ദമായിരുന്നില്ലെങ്കിൽ എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു. അവിടുത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല. അവയാൽ അവിടുന്നു എനിക്ക് നവജീവൻ നല്‌കിയിരിക്കുന്നു. ഞാൻ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! ഞാൻ അങ്ങയുടെ പ്രമാണങ്ങളെ അനുസരിക്കുന്നുവല്ലോ. ദുഷ്ടന്മാർ എന്നെ നശിപ്പിക്കാൻ പതിയിരിക്കുന്നു. എന്നാൽ ഞാൻ അവിടുത്തെ കല്പനകൾ ധ്യാനിക്കുന്നു. എല്ലാം ഒരു പരിധിവരെയേ പൂർണമാകൂ എന്ന് എനിക്കറിയാം. എന്നാൽ അവിടുത്തെ കല്പനകൾ നിസ്സീമമാണ്.

SAM 119 വായിക്കുക