SAM 119:49-64

SAM 119:49-64 MALCLBSI

സർവേശ്വരാ, അവിടുത്തെ ദാസനോടുള്ള വാഗ്ദാനം ഓർക്കണമേ, അവയാണല്ലോ എനിക്കു പ്രത്യാശ നല്‌കുന്നത്. അവിടുത്തെ വാഗ്ദാനം എനിക്കു നവജീവൻ നല്‌കുന്നു. അതാണ് എനിക്കു കഷ്ടതയിൽ ആശ്വാസം നല്‌കുന്നത്. അഹങ്കാരികൾ എന്നെ കഠിനമായി പരിഹസിക്കുന്നു. എങ്കിലും അവിടുത്തെ ധർമശാസ്ത്രത്തിൽ നിന്നു ഞാൻ വ്യതിചലിക്കുന്നില്ല. പണ്ടേയുള്ള അവിടുത്തെ കല്പനകൾ ഞാൻ ഓർക്കുന്നു. പരമനാഥാ, ഞാൻ അവയിൽ ആശ്വാസം കണ്ടെത്തുന്നു. ദുഷ്ടന്മാർ അവിടുത്തെ ധർമശാസ്ത്രം ഉപേക്ഷിക്കുന്നതു കാണുമ്പോൾ എന്നിൽ കോപം ജ്വലിക്കുന്നു. പരദേശിയായി ഞാൻ പാർക്കുന്നിടത്ത് അവിടുത്തെ ചട്ടങ്ങൾ എന്റെ കീർത്തനങ്ങളായിരിക്കുന്നു. സർവേശ്വരാ, രാത്രിയിൽ ഞാൻ അങ്ങയെ ധ്യാനിക്കുന്നു. അവിടുത്തെ ധർമശാസ്ത്രം ഞാൻ പാലിക്കുന്നു. അങ്ങയുടെ കല്പനകൾ അനുസരിക്കുക എന്ന അനുഗ്രഹം എനിക്ക് ലഭിച്ചു. സർവേശ്വരനാണ് എന്റെ ഓഹരി; അവിടുത്തെ കല്പനകൾ പാലിക്കുമെന്നു ഞാൻ പ്രതിജ്ഞ ചെയ്തു. പൂർണഹൃദയത്തോടെ ഞാൻ അവിടുത്തെ കൃപയ്‍ക്കായി യാചിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നോടു കരുണയുണ്ടാകണമേ. ഞാൻ എന്റെ ജീവിതവഴികളെക്കുറിച്ചു ചിന്തിച്ചു, അങ്ങയുടെ കല്പനകളിലേക്കു ഞാൻ തിരിഞ്ഞു. അങ്ങയുടെ ആജ്ഞകൾ ഞാൻ അനുസരിക്കുന്നു. അവ പാലിക്കാൻ ഞാൻ അത്യന്തം ഉത്സാഹിക്കുന്നു. ദുഷ്ടരുടെ കെണിയിൽ ഞാൻ അകപ്പെട്ടുവെങ്കിലും, അങ്ങയുടെ ധർമശാസ്ത്രം ഞാൻ മറക്കുന്നില്ല. അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കുവേണ്ടി അങ്ങയെ സ്തുതിക്കാൻ അർധരാത്രിയിൽ ഞാൻ എഴുന്നേല്‌ക്കുന്നു. ഞാൻ അവിടുത്തെ സകല ഭക്തന്മാരുടെയും സ്നേഹിതനാകുന്നു. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നവരുടെ തന്നെ. പരമനാഥാ, ഭൂമി അവിടുത്തെ അചഞ്ചല സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ.

SAM 119 വായിക്കുക