നീതിയും ന്യായവുമാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. മർദകന്മാർക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ. അങ്ങയുടെ ദാസനു നന്മ ഉറപ്പുവരുത്തണമേ. അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. അവിടുത്തെ രക്ഷയും നീതിപൂർവമായ വാഗ്ദാനത്തിന്റെ പൂർത്തീകരണവും കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങയുടെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നോടു വർത്തിക്കണമേ. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. ഞാൻ അങ്ങയുടെ ദാസനാകുന്നു. അങ്ങയുടെ കല്പനകൾ ഗ്രഹിക്കാൻ എനിക്കു വിവേകം നല്‌കണമേ. സർവേശ്വരാ, അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം ഇതാകുന്നു. അവിടുത്തെ ധർമശാസ്ത്രം അവർ ലംഘിച്ചിരിക്കുന്നുവല്ലോ. ഞാൻ അങ്ങയുടെ കല്പനകളെ പൊന്നിനെയും തങ്കത്തെയുംകാൾ സ്നേഹിക്കുന്നു. അതുകൊണ്ട് അവിടുത്തെ ചട്ടങ്ങളുടെ മാർഗത്തിൽ നടക്കാൻ ഞാനിഷ്ടപ്പെടുന്നു. ഞാൻ എല്ലാ ദുർമാർഗങ്ങളെയും വെറുക്കുന്നു. അങ്ങയുടെ കല്പനകൾ അദ്ഭുതകരമാകുന്നു; അതുകൊണ്ടു ഞാൻ അവ അനുസരിക്കുന്നു. അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം ലഭിക്കുന്നു. അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. അവിടുത്തെ കല്പനകൾക്കുവേണ്ടിയുള്ള അഭിവാഞ്ഛയാൽ, ഞാൻ ആർത്തിയോടെ വായ് തുറക്കുന്നു. അങ്ങയെ സ്നേഹിക്കുന്നവരോടു ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടു കരുണ ചെയ്യണമേ. അങ്ങയുടെ വാഗ്ദാനപ്രകാരം എന്റെ കാലടികളെ പതറാതെ സൂക്ഷിക്കണമേ. അധർമങ്ങൾ എന്നെ കീഴടക്കാതിരിക്കട്ടെ. പീഡകരിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ പ്രമാണങ്ങൾ ഞാൻ അനുസരിക്കും. അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിക്കണമേ. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. മനുഷ്യർ അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്തതുകൊണ്ട്, എന്റെ കണ്ണിൽനിന്നു കണ്ണുനീർ നീർച്ചാലുപോലെ ഒഴുകുന്നു. സർവേശ്വരാ, അവിടുന്നു നീതിമാനാകുന്നു. അവിടുത്തെ വിധികൾ നീതിനിഷ്ഠമാണ്. നീതിയോടും വിശ്വസ്തതയോടും അവിടുന്നു കല്പനകൾ നല്‌കിയിരിക്കുന്നു. എന്റെ ശത്രുക്കൾ അവിടുത്തെ വചനം അവഗണിക്കുന്നതിനാൽ, അവരോടുള്ള കോപം എന്നിൽ ജ്വലിക്കുന്നു. അവിടുത്തെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞതാണ്. ഈ ദാസൻ അതിനെ സ്നേഹിക്കുന്നു. ഞാൻ നിസ്സാരനും നിന്ദിതനുമാണ്, എങ്കിലും അങ്ങയുടെ കല്പനകൾ ഞാൻ വിസ്മരിക്കുന്നില്ല. അങ്ങയുടെ നീതി ശാശ്വതവും അവിടുത്തെ ധർമശാസ്ത്രം സത്യവുമാകുന്നു. കഷ്ടതയും വേദനയും എന്നെ ഗ്രസിച്ചിരിക്കുന്നു. എങ്കിലും അങ്ങയുടെ കല്പനകൾ എനിക്ക് ആനന്ദം പകരുന്നു. അവിടുത്തെ കല്പനകൾ എന്നും നീതിനിഷ്ഠമാകുന്നു. ഞാൻ ജീവിച്ചിരിക്കുന്നതിന് എനിക്കു വിവേകം നല്‌കണമേ. ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സർവേശ്വരാ, എനിക്ക് ഉത്തരമരുളിയാലും, അങ്ങയുടെ ചട്ടങ്ങൾ ഞാൻ പാലിക്കും. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. എന്നെ രക്ഷിക്കണമേ. ഞാൻ അങ്ങയുടെ കല്പനകൾ അനുസരിക്കും. ഞാൻ അതിരാവിലെ ഉണർന്നു സഹായത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുന്നു. ഞാൻ അവിടുത്തെ വാഗ്ദാനങ്ങളിൽ പ്രത്യാശ വയ്‍ക്കുന്നു. അങ്ങയുടെ വചനം ധ്യാനിക്കാൻ രാത്രിയുടെ യാമങ്ങളിൽ ഞാൻ ഉണർന്നിരിക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്റെ യാചന കേൾക്കണമേ. സർവേശ്വരാ, അവിടുത്തെ നീതിയാൽ എന്റെ ജീവനെ സംരക്ഷിക്കണമേ. ദുഷ്ടലാക്കോടെ പീഡിപ്പിക്കുന്നവർ എന്നെ സമീപിക്കുന്നു. അവർ അവിടുത്തെ ധർമശാസ്ത്രത്തെ പൂർണമായി അവഗണിച്ചിരിക്കുന്നു. എന്നാൽ സർവേശ്വരാ, അവിടുന്ന് എനിക്കു സമീപസ്ഥനാകുന്നു. അവിടുത്തെ കല്പനകളെല്ലാം സത്യംതന്നെ. അവിടുത്തെ കല്പനകൾ ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു. അതു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.
SAM 119 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 119:121-152
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ