SAM 119:113-128

SAM 119:113-128 MALCLBSI

കപടഹൃദയമുള്ളവരെ ഞാൻ വെറുക്കുന്നു. എന്നാൽ ഞാൻ അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. എന്റെ സങ്കേതവും പരിചയും അവിടുന്നാകുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. ദുഷ്കർമികളേ, എന്നെ വിട്ടുപോകുവിൻ, ഞാൻ എന്റെ ദൈവത്തിന്റെ കല്പനകൾ അനുസരിക്കട്ടെ. എന്നെ താങ്ങണമേ, അങ്ങയുടെ വാഗ്ദാന പ്രകാരം, ഞാൻ ജീവിച്ചിരിക്കട്ടെ; എന്റെ പ്രത്യാശ അപമാനകാരണമാകരുതേ. എന്നെ താങ്ങണമേ. ഞാൻ സുരക്ഷിതനായിരിക്കട്ടെ. അങ്ങനെ അവിടുത്തെ കല്പനകളെ ഞാൻ എപ്പോഴും ആദരിക്കട്ടെ. അങ്ങയുടെ ചട്ടങ്ങളിൽനിന്നു വ്യതിചലിക്കുന്നവരെ അവിടുന്നു പരിത്യജിക്കുന്നു. അവരുടെ കൗശലം വ്യർഥമാണ്. ഭൂമിയിലെ സകല ദുഷ്ടന്മാരെയും വിലകെട്ടവരായി അവിടുന്ന് എറിഞ്ഞു കളയുന്നു. ഞാൻ അവിടുത്തെ കല്പനകളെ സ്നേഹിക്കുന്നു. അങ്ങയോടുള്ള ഭയത്താൽ എന്റെ ശരീരം വിറകൊള്ളുന്നു. അങ്ങയുടെ വിധികളെ ഞാൻ ഭയപ്പെടുന്നു. നീതിയും ന്യായവുമാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. മർദകന്മാർക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ. അങ്ങയുടെ ദാസനു നന്മ ഉറപ്പുവരുത്തണമേ. അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. അവിടുത്തെ രക്ഷയും നീതിപൂർവമായ വാഗ്ദാനത്തിന്റെ പൂർത്തീകരണവും കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങയുടെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നോടു വർത്തിക്കണമേ. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. ഞാൻ അങ്ങയുടെ ദാസനാകുന്നു. അങ്ങയുടെ കല്പനകൾ ഗ്രഹിക്കാൻ എനിക്കു വിവേകം നല്‌കണമേ. സർവേശ്വരാ, അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം ഇതാകുന്നു. അവിടുത്തെ ധർമശാസ്ത്രം അവർ ലംഘിച്ചിരിക്കുന്നുവല്ലോ. ഞാൻ അങ്ങയുടെ കല്പനകളെ പൊന്നിനെയും തങ്കത്തെയുംകാൾ സ്നേഹിക്കുന്നു. അതുകൊണ്ട് അവിടുത്തെ ചട്ടങ്ങളുടെ മാർഗത്തിൽ നടക്കാൻ ഞാനിഷ്ടപ്പെടുന്നു. ഞാൻ എല്ലാ ദുർമാർഗങ്ങളെയും വെറുക്കുന്നു.

SAM 119 വായിക്കുക