സർവേശ്വരാ, അങ്ങയുടെ സൃഷ്‍ടികൾ എത്ര വൈവിധ്യമാർന്നത്! എത്ര ബുദ്ധിപൂർവമാണ് അങ്ങ് അവയെ സൃഷ്‍ടിച്ചത്. ഭൂമി അവിടുത്തെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു. അതാ വിശാലമായ മഹാസമുദ്രം! ചെറുതും വലുതുമായ അസംഖ്യം ജീവികൾ അതിൽ ചരിക്കുന്നു. അതിൽ കപ്പലുകൾ ഓടുന്നു; അവിടുന്നു സൃഷ്‍ടിച്ച ലിവ്യാഥാൻ അതിൽ വിഹരിക്കുന്നു. യഥാസമയം ആഹാരത്തിനുവേണ്ടി അവ അങ്ങയെ നോക്കുന്നു. അങ്ങു നല്‌കുന്ന ആഹാരം അവ ഭക്ഷിക്കുന്നു, തൃക്കൈ തുറക്കുമ്പോൾ വിശിഷ്ട വിഭവങ്ങളാൽ അവയ്‍ക്കു തൃപ്തിവരുന്നു. അങ്ങ് ആഹാരം നല്‌കാതെ മുഖം തിരിക്കുമ്പോൾ, അവ പരിഭ്രമിക്കുന്നു. അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ മണ്ണിലേക്കു തിരികെ ചേരുന്നു. അങ്ങ് ജീവശ്വാസം നല്‌കുമ്പോൾ, അവ സൃഷ്‍ടിക്കപ്പെടുന്നു. അങ്ങു ഭൂമിയിലുള്ള സർവവും നവീകരിക്കുന്നു. സർവേശ്വരന്റെ മഹത്ത്വം എന്നേക്കും നിലനില്‌ക്കട്ടെ. അവിടുത്തെ സൃഷ്‍ടികളിൽ അവിടുന്ന് ആനന്ദിക്കട്ടെ. അവിടുന്നു ഭൂമിയെ നോക്കുമ്പോൾ അതു പ്രകമ്പനം കൊള്ളുന്നു. അവിടുന്നു പർവതങ്ങളെ സ്പർശിക്കുമ്പോൾ അവ പുകയുന്നു. എന്റെ ആയുഷ്കാലം മുഴുവൻ ഞാൻ സർവേശ്വരനെ പ്രകീർത്തിക്കും. എന്റെ ജീവിതകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തെ പാടിപ്പുകഴ്ത്തും; എന്റെ ധ്യാനം അവിടുത്തേക്കു പ്രസാദകരമായിരിക്കട്ടെ; ഞാൻ സർവേശ്വരനിൽ ആനന്ദം കൊള്ളുന്നു. അധർമികൾ ഭൂമിയിൽനിന്നു നിർമ്മാർജനം ചെയ്യപ്പെടട്ടെ. ദുഷ്ടന്മാർ ഇല്ലാതാകട്ടെ. എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക; സർവേശ്വരനെ സ്തുതിക്കുവിൻ.
SAM 104 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 104:24-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ