SAM 104:1-17

SAM 104:1-17 MALCLBSI

എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക. എന്റെ ദൈവമായ സർവേശ്വരാ, അങ്ങ് എത്ര വലിയവൻ! തേജസ്സും മഹത്ത്വവും അങ്ങു ധരിച്ചിരിക്കുന്നു. വസ്ത്രമെന്നപോലെ അങ്ങ് പ്രകാശം അണിഞ്ഞിരിക്കുന്നു, കൂടാരമെന്നപോലെ ആകാശത്തെ നിവർത്തിയിരിക്കുന്നു. അങ്ങയുടെ മന്ദിരത്തിന്റെ തുലാങ്ങൾ വെള്ളത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. മേഘങ്ങളാണ് അവിടുത്തെ രഥം. കാറ്റിന്റെ ചിറകുകളിൽ അവിടുന്നു സഞ്ചരിക്കുന്നു. അങ്ങു കാറ്റുകളെ ദൂതന്മാരും മിന്നൽപ്പിണരുകളെ സേവകരുമാക്കി. ഭൂമിയെ ഇളക്കം തട്ടാത്തവിധം അതിന്റെ അസ്തിവാരത്തിൽ, അവിടുന്ന് ഉറപ്പിച്ചിരിക്കുന്നു. ആഴി ഭൂമിയെ വസ്ത്രം എന്നപോലെ ആവരണം ചെയ്തിരുന്നു. വെള്ളം പർവതങ്ങളെ മൂടിയിരുന്നു. അങ്ങ് ശാസിച്ചപ്പോൾ വെള്ളം ഓടിയകന്നു. അങ്ങയുടെ കല്പനയുടെ ഇടിമുഴക്കത്താൽ, അവ പലായനം ചെയ്തു. മലകളിലൂടെയും താഴ്‌വരകളിലൂടെയും അവ ഒഴുകി. അങ്ങു നിശ്ചയിച്ച സ്ഥലത്തേക്ക് അവ പിന്മാറി. വെള്ളം വീണ്ടും ഭൂമിയെ മൂടാതിരിക്കാൻ, അങ്ങ് അതിന് അലംഘനീയമായ അതിരിട്ടു. അങ്ങു നീർച്ചാലുകളെ താഴ്‌വരകളിലേക്ക് ഒഴുക്കുന്നു, അവ മലകൾക്കിടയിലൂടെ ഒഴുകുന്നു. കാട്ടുമൃഗങ്ങളെല്ലാം അവയിൽനിന്നു കുടിക്കുന്നു. കാട്ടുകഴുതകളും ദാഹം ശമിപ്പിക്കുന്നു. അവയുടെ തീരങ്ങളിലുള്ള വൃക്ഷങ്ങളിൽ പക്ഷികൾ പാർക്കുന്നു. മരച്ചില്ലകൾക്കിടയിലിരുന്നു അവ പാടുന്നു. അവിടുന്നു തന്റെ അത്യുന്നതമായ വാസസ്ഥലത്തുനിന്നു മഴ പെയ്യിച്ചു മലകളെ നനയ്‍ക്കുന്നു. അവിടുത്തെ പ്രവൃത്തികളുടെ ഫലമായി ഭൂമി തൃപ്തിയടയുന്നു. അവിടുന്നു കന്നുകാലികൾക്കു പുല്ലും, മനുഷ്യന് ആഹാരത്തിനുവേണ്ടി, വിവിധ സസ്യങ്ങളും മുളപ്പിക്കുന്നു. മനുഷ്യന്റെ സന്തോഷത്തിനു വീഞ്ഞും മുഖം മിനുക്കാൻ എണ്ണയും കരുത്തേകാൻ ഭക്ഷണവും അവിടുന്നു നല്‌കുന്നു. താൻ നട്ടുവളർത്തുന്ന ലെബാനോനിലെ, ദേവദാരുക്കൾക്ക് അവിടുന്ന് സമൃദ്ധമായ മഴ കൊടുക്കുന്നു. അവയിൽ പക്ഷികൾ കൂടു കെട്ടുന്നു, കൊക്കുകൾ അവയിൽ ചേക്കേറുന്നു.

SAM 104 വായിക്കുക