SAM 102:18-28

SAM 102:18-28 MALCLBSI

ഭാവി തലമുറകൾക്കുവേണ്ടി ഇത് എഴുതപ്പെടട്ടെ! അങ്ങനെ ഇനിയും ജനിക്കാനുള്ള ജനം അവിടുത്തെ സ്തുതിക്കട്ടെ. സർവേശ്വരൻ അവിടുത്തെ വിശുദ്ധനിവാസത്തിൽനിന്നു താഴേക്കു നോക്കി; അവിടുന്നു സ്വർഗത്തിൽനിന്നു ഭൂമിയെ വീക്ഷിച്ചു. അവിടുന്നു ബദ്ധരുടെ ഞരക്കം കേട്ടു, മരണത്തിനു വിധിക്കപ്പെട്ടവരെ അവിടുന്ന് വിടുവിച്ചു. രാജ്യങ്ങളും അന്യജനതകളും ഒരുമിച്ചുകൂടി സർവേശ്വരനെ ആരാധിക്കുമ്പോൾ സീയോനിൽ സർവേശ്വരന്റെ നാമവും യെരൂശലേമിൽ അവിടുത്തെ സ്തുതിയും പ്രഘോഷിക്കപ്പെടും. യൗവനത്തിൽ എന്റെ ശക്തി അവിടുന്നു ക്ഷയിപ്പിച്ചു. എന്റെ ആയുസ്സ് അവിടുന്നു ചുരുക്കി. വത്സരങ്ങൾക്ക് അറുതിയില്ലാത്തവനായ എന്റെ ദൈവമേ, ആയുസ്സിന്റെ മധ്യത്തിൽ എന്നെ എടുത്തുകളയരുതേ! പണ്ടു തന്നെ അവിടുന്നു ഭൂമിക്ക് അടിസ്ഥാനമിട്ടു; അങ്ങയുടെ കരങ്ങളാണ് ആകാശത്തെ സൃഷ്‍ടിച്ചത്. അവ നശിക്കും; എന്നാൽ അവിടുന്നു നിലനില്‌ക്കും; അവയെല്ലാം വസ്ത്രംപോലെ ജീർണിക്കും; വസ്ത്രം മാറുന്നതുപോലെ അവിടുന്നു അവയെ മാറ്റും; അവ മാറിപ്പോകുകയും ചെയ്യും. എന്നാൽ അങ്ങേക്ക് മാറ്റമില്ല; അവിടുന്ന് എന്നേക്കും ജീവിക്കുന്നു. അവിടുത്തെ ദാസന്മാരുടെ മക്കൾ സുരക്ഷിതരായി പാർക്കും; അവരുടെ സന്തതികൾ അങ്ങയുടെ സന്നിധിയിൽ നിലനില്‌ക്കും.

SAM 102 വായിക്കുക