SAM 10:1-15

SAM 10:1-15 MALCLBSI

സർവേശ്വരാ, അവിടുന്ന് അകന്നിരിക്കുന്നതെന്ത്? കഷ്ടദിനങ്ങളിൽ അങ്ങ് ഞങ്ങളിൽനിന്നു മറഞ്ഞിരിക്കുന്നതെന്ത്? അഹങ്കാരംപൂണ്ട ദുഷ്ടന്മാർ എളിയവരെ പിന്തുടർന്ന് പീഡിപ്പിക്കുന്നു. തങ്ങളുടെ കെണിയിൽ അവർതന്നെ വീഴട്ടെ. ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു. ദുരാഗ്രഹി സർവേശ്വരനെ ശപിക്കുകയും പരിത്യജിക്കുകയും ചെയ്യുന്നു. ദുഷ്ടൻ ഗർവുകൊണ്ട് ദൈവത്തെ അവഗണിക്കുന്നു. ദൈവമില്ലെന്നാണ് അവന്റെ വിചാരം. അവൻ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നു, അവിടുത്തെ ന്യായവിധി അവന് അഗോചരമാണ്. അവൻ തന്റെ ശത്രുക്കളെ പുച്ഛിക്കുന്നു. ‘ഞാൻ കുലുങ്ങുകയില്ല. ഒരിക്കലും എനിക്ക് അനർഥം ഉണ്ടാവുകയില്ല’ എന്ന് അവൻ സ്വയം പറയുന്നു. ശാപവും വഞ്ചനയും ഭീഷണിയുംകൊണ്ട് നിറഞ്ഞതാണ് അവന്റെ വായ്. അവന്റെ നാവിൻകീഴിൽ ദുഷ്ടതയും അതിക്രമവും കുടികൊള്ളുന്നു. അവൻ ഗ്രാമങ്ങളിൽ പതിയിരിക്കുന്നു. നിരപരാധികളെ അവൻ ഒളിഞ്ഞിരുന്നു കൊല്ലുന്നു. അവന്റെ ഗൂഢദൃഷ്‍ടി അഗതികളെ തിരയുന്നു. എളിയവരുടെമേൽ ചാടിവീഴാൻ അവൻ സിംഹത്തെപ്പോലെ പതിയിരിക്കുന്നു. അവൻ അവരെ കെണിയിൽ വീഴ്ത്തി പിടിക്കുന്നു. എളിയവർ ഞെരിച്ചമർത്തപ്പെടുന്നു, ദുഷ്ടന്റെ ശക്തിയാൽ അവർ നിലംപതിക്കുന്നു. ‘ദൈവം മറന്നിരിക്കുന്നു, അവിടുന്നു മുഖം മറച്ചിരിക്കുന്നു. അവിടുന്ന് ഒരിക്കലും ഇതു കാണുകയില്ല’ എന്നാണ് ദുഷ്ടന്റെ വിചാരം. സർവേശ്വരാ, എഴുന്നേല്‌ക്കണമേ, ദൈവമേ, അവരെ ശിക്ഷിക്കാൻ കരം ഉയർത്തണമേ പീഡിതരെ മറക്കരുതേ. ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും അങ്ങ് കണക്കു ചോദിക്കുകയില്ല എന്നു പറയുന്നതും എന്തുകൊണ്ട്? അവിടുന്ന് എല്ലാം കാണുന്നു അവരുടെ ദ്രോഹവും പീഡനവും അവിടുന്നു ശ്രദ്ധിക്കുന്നു. അവർ അർഹിക്കുന്നത് അവിടുന്ന് അവർക്കു നല്‌കും. അഗതി തന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അവിടുന്നല്ലോ അനാഥനു സഹായി. ദുർജനത്തിന്റെയും ദുഷ്കർമികളുടെയും ശക്തി തകർക്കണമേ. ഇനി തിന്മ ചെയ്യാത്തവിധം അവരെ ശിക്ഷിക്കണമേ.

SAM 10 വായിക്കുക