മോശ കൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ ഉപകരണങ്ങളും, യാഗപീഠവും അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. ഇസ്രായേലിലെ നേതാക്കളും, പിതൃഭവനത്തലവന്മാരും ജനസംഖ്യ എടുക്കുന്നതിൽ മേൽനോട്ടം വഹിച്ചവരുമായ ഗോത്രനേതാക്കൾ കാഴ്ചകൾ കൊണ്ടുവന്നു സർവേശ്വരസന്നിധിയിൽ അർപ്പിച്ചു. രണ്ടു നേതാക്കൾക്ക് ഒരു മൂടിയുള്ള വണ്ടിയും ഒരാൾക്ക് ഒരു കാളയും വീതം ആറു മൂടിയുള്ള വണ്ടികളും പന്ത്രണ്ടു കാളകളുമാണ് അവർ വിശുദ്ധകൂടാരത്തിനു മുമ്പിൽ സമർപ്പിച്ചത്. അപ്പോൾ സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “തിരുസാന്നിധ്യകൂടാരത്തിലെ ഉപയോഗത്തിനുവേണ്ടി അവ അവരിൽനിന്നു സ്വീകരിച്ചു ചുമതലപ്പെട്ട ലേവ്യരെ ഏല്പിക്കുക.” അങ്ങനെ മോശ കാളകളും വണ്ടികളും സ്വീകരിച്ചു ലേവ്യർക്കു നല്‌കി. രണ്ടു വണ്ടികളും നാലു കാളകളും ഗേർശോന്യരുടെ ജോലി അനുസരിച്ച് അവർക്കു കൊടുത്തു. പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നേതൃത്വത്തിലുള്ള മെരാര്യർക്ക് അവരുടെ ജോലി അനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു. വിശുദ്ധവസ്തുക്കൾ സൂക്ഷിക്കുകയും അവ ചുമലിൽ ചുമക്കുകയും ചെയ്യേണ്ടിയിരുന്നതുകൊണ്ടു കെഹാത്യർക്കു മോശ ഒന്നും നല്‌കിയില്ല. യാഗപീഠത്തിന്റെ അഭിഷേകദിവസം പ്രതിഷ്ഠയ്‍ക്കുള്ള തങ്ങളുടെ വഴിപാടുകൾ നേതാക്കന്മാർ കൊണ്ടുവന്നു യാഗപീഠത്തിന്റെ മുമ്പിൽ അർപ്പിച്ചു. അപ്പോൾ സർവേശ്വരൻ മോശയോടു കല്പിച്ചു: “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്‍ക്കു വേണ്ടിയുള്ള വഴിപാടുകൾ അവർ ഓരോരുത്തരായി ഓരോ ദിവസം അർപ്പിക്കണം. വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു നൂറ്റിമുപ്പതു ശേക്കെലുള്ള വെള്ളിത്തളിക, എഴുപതു ശേക്കെലുള്ള വെള്ളിക്കിണ്ണം, അവ നിറയെ ധാന്യയാഗത്തിനുവേണ്ടി എണ്ണ ചേർത്ത നേരിയ മാവ്, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണക്കലശം, അതു നിറയെ സുഗന്ധവസ്തു, ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഒരു ആൺചെമ്മരിയാട്, പാപപരിഹാരയാഗത്തിനായി ഒരു ആൺകോലാട്, സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ച് ആണാടുകൾ, അഞ്ച് ആൺകോലാടുകൾ, ഒരു വയസ്സു പ്രായമായ അഞ്ച് ആൺചെമ്മരിയാടുകൾ ഇവയായിരുന്നു ഓരോ ഗോത്രനേതാവും അർപ്പിച്ച വഴിപാടിലുണ്ടായിരുന്നത്. ആദ്യദിവസം യെഹൂദാഗോത്രത്തിലെ അമ്മീനാദാബിന്റെ പുത്രനായ നഹശോൻ ഈ വഴിപാട് അർപ്പിച്ചു. രണ്ടാം ദിവസം ഇസ്സാഖാർഗോത്രത്തിന്റെ നേതാവും സൂവാരിന്റെ പുത്രനുമായ നെഥനയേൽ ഇതേ വഴിപാട് അർപ്പിച്ചു. മൂന്നാം ദിവസം സെബൂലൂൻഗോത്രത്തിന്റെ നേതാവും ഹേലോന്റെ മകനുമായ എലീയാബാണ് വഴിപാടു സമർപ്പിച്ചത്. നാലാം ദിവസം രൂബേൻഗോത്രത്തിന്റെ നേതാവും ശെദേയൂരിന്റെ പുത്രനുമായ എലീസൂർ ഇതേ വഴിപാട് അർപ്പിച്ചു. അഞ്ചാം ദിവസം ശിമെയോൻഗോത്രത്തിന്റെ നേതാവും സൂരിശദ്ദായിയുടെ പുത്രനുമായ ശെലൂമീയേൽ വഴിപാട് അർപ്പിച്ചു. ആറാം ദിവസം ഗാദ്ഗോത്രത്തിന്റെ നേതാവ്, ദെയൂവേലിന്റെ പുത്രനായ എലീയാസാഫ് ഇതേ വഴിപാട് അർപ്പിച്ചു. ഏഴാം ദിവസം എഫ്രയീംഗോത്രത്തിന്റെ നായകനായ അമ്മീഹൂദിന്റെ പുത്രനായ എലീശാമാ വഴിപാട് അർപ്പിച്ചു. എട്ടാം ദിവസം മനശ്ശെഗോത്രത്തിന്റെ നായകനും പെദാസൂരിന്റെ പുത്രനുമായ ഗമലീയേൽ ഇതേ വഴിപാട് അർപ്പിച്ചു. ഒമ്പതാം ദിവസം ബെന്യാമീൻഗോത്രത്തിന്റെ നേതാവും ഗിദെയോനിയുടെ പുത്രനുമായ അബീദാൻ വഴിപാട് അർപ്പിച്ചു.
NUMBERS 7 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 7:1-65
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ