NUMBERS 6
6
നാസീർവ്രതക്കാർ
1സർവേശ്വരൻ മോശയോടു കല്പിച്ചു: 2“ഇസ്രായേൽജനത്തോടു പറയുക, സർവേശ്വരനു സ്വയം അർപ്പിച്ചുകൊണ്ടു നാസീർവ്രതം ദീക്ഷിക്കുന്ന സ്‍ത്രീയും പുരുഷനും വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും വർജിക്കണം. ഇവയിൽ നിന്നെടുക്കുന്ന വിനാഗിരിയോ മുന്തിരിയിൽ നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയമോ കുടിക്കരുത്. 3മുന്തിരിങ്ങ പഴുത്തതായാലും ഉണങ്ങിയതായാലും തിന്നരുത്. 4നാസീർവ്രതം അനുഷ്ഠിക്കുന്ന കാലമത്രയും മുന്തിരിയിൽനിന്നുള്ളതൊന്നും, കുരുവോ തൊലിയോപോലും തിന്നരുത്. 5“സർവേശ്വരനുവേണ്ടി സ്വയം അർപ്പിക്കുന്ന നാസീർവ്രതകാലത്തൊരിക്കലും തല ക്ഷൗരം ചെയ്യരുത്. 6വ്രതമെടുക്കുന്നയാൾ സർവേശ്വരനു സമർപ്പിക്കപ്പെട്ടവനായിരിക്കണം. അയാൾ മുടി വളർത്തണം. സർവേശ്വരനു സ്വയം സമർപ്പിച്ചിരിക്കുന്ന കാലത്ത് അയാൾ മൃതശരീരത്തിന്റെ അടുത്തു പോകരുത്. 7മരിച്ചതു സ്വന്തം പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ ആയിരുന്നാലും അടുത്തുചെന്ന് അശുദ്ധനാകരുത്. അർപ്പണത്തിന്റെ അടയാളം അയാളുടെ തലയിൽ ഉണ്ടല്ലോ. 8നാസീർവ്രതകാലമത്രയും അയാൾ സർവേശ്വരന് അർപ്പിക്കപ്പെട്ടവനാകുന്നു. 9“വ്രതനിഷ്ഠന്റെ അടുക്കൽവച്ച് ആരെങ്കിലും പെട്ടെന്നു മരിക്കുകയും അയാളുടെ അർപ്പിതശിരസ്സ് അശുദ്ധമാകുകയും ചെയ്താൽ, ശുദ്ധീകരണ ദിവസമായ ഏഴാം ദിവസം അവന്റെ ശിരസ്സ് മുണ്ഡനം ചെയ്യണം. 10എട്ടാം ദിവസം രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ പുരോഹിതന്റെ അടുക്കൽ അവൻ കൊണ്ടുവരണം. 11പുരോഹിതൻ അവയിൽ ഒന്നിനെ പാപപരിഹാരയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിച്ച് മൃതശരീരസ്പർശനം മൂലമുണ്ടായ പാപത്തിനു പ്രായശ്ചിത്തം ചെയ്യണം. അന്നുതന്നെ അയാളുടെ ശിരസ്സ് ശുദ്ധീകരിക്കണം. 12മറ്റൊരു കാലഘട്ടത്തിലേക്കു വീണ്ടും നാസീർവ്രതമെടുക്കാൻ അവൻ സ്വയം സമർപ്പിക്കുകയും വേണം. കൂടാതെ, ചെയ്ത കുറ്റത്തിനുള്ള പ്രായശ്ചിത്തമായി ഒരു വയസ്സു പ്രായമുള്ള ഒരു ആണാട്ടിൻകുട്ടിയെയും കൊണ്ടുവരണം. വ്രതഭംഗം സംഭവിച്ചതിനാൽ അയാളുടെ ആദ്യത്തെ വ്രതകാലം ഗണിക്കപ്പെടുകയില്ലല്ലോ.
13“നാസീർവ്രതം അനുഷ്ഠിക്കുന്നവൻ അതു പൂർത്തിയാക്കുമ്പോൾ പാലിക്കേണ്ട നിയമം ഇതാണ്: അയാളെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കൊണ്ടുവരണം. 14അയാൾ ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ ആണാട്ടിൻകുട്ടിയെ ഹോമയാഗമായും ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ പെണ്ണാട്ടിൻകുട്ടിയെ പാപപരിഹാരയാഗമായും, കുറ്റമറ്റ ഒരു ആണാടിനെ സമാധാനയാഗമായും സർവേശ്വരന് അർപ്പിക്കണം. 15അവയോടൊപ്പം ഒരു കുട്ടയിൽ പുളിപ്പു ചേർക്കാത്ത അപ്പവും, നേരിയ മാവുകൊണ്ട് എണ്ണ ചേർത്തുണ്ടാക്കിയ അപ്പവും, പുളിപ്പില്ലാത്ത മാവുകൊണ്ട് എണ്ണ പുരട്ടിയുണ്ടാക്കിയ അടയും, അവയ്‍ക്കു ചേർന്ന ധാന്യയാഗവും പാനീയയാഗവും അയാൾ അർപ്പിക്കണം. 16പുരോഹിതൻ ഇവയെല്ലാം സർവേശ്വരസന്നിധിയിൽ കൊണ്ടുവന്നതിനുശേഷം അയാൾക്കുവേണ്ടി പാപപരിഹാരയാഗവും ഹോമയാഗവും അർപ്പിക്കണം. 17സമാധാനയാഗമായി ആണാടിനെ പുളിപ്പു ചേർക്കാത്ത അപ്പത്തോടൊപ്പം സർവേശ്വരന് അർപ്പിക്കേണ്ടതാണ്. അതോടൊപ്പം ധാന്യയാഗവും പാനീയയാഗവും അർപ്പിക്കണം. 18പിന്നീട് നാസീർവ്രതക്കാരൻ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽവച്ചുതന്നെ സമർപ്പിത ശിരസ്സ് മുണ്ഡനം ചെയ്തു തലമുടി സമാധാനയാഗത്തിന്റെ അഗ്നിയിൽ ഇടണം. 19വ്രതസ്ഥൻ തല മുണ്ഡനം ചെയ്തു കഴിഞ്ഞാൽ പുരോഹിതൻ ആണാടിന്റെ വേവിച്ച കൈക്കുറകും കുട്ടയിൽനിന്നു പുളിപ്പില്ലാത്ത അപ്പവും പുളിപ്പില്ലാത്ത മാവുകൊണ്ട് ഉണ്ടാക്കിയ അടയും എടുത്തു വ്രതസ്ഥന്റെ കൈയിൽ വയ്‍ക്കണം. 20പിന്നീട് പുരോഹിതൻ അവയെ സർവേശ്വരസന്നിധിയിൽ നീരാജനം ചെയ്യണം. ഇതും നീരാജനം ചെയ്ത നെഞ്ചും അർപ്പിച്ച കാൽക്കുറകും പുരോഹിതനുവേണ്ടി വിശുദ്ധമായി വേർതിരിച്ചിട്ടുള്ളതാണ്. അതിനുശേഷം നാസീർവ്രതസ്ഥനു വീഞ്ഞു കുടിക്കാം. 21നാസീർവ്രതം എടുക്കുന്നവൻ പാലിക്കേണ്ട നിയമം ഇതാണ്. അയാളുടെ കഴിവനുസരിച്ചുള്ള നേർച്ചകൾക്കു പുറമേ നാസീർവ്രതത്തിന്റെ നിയമാനുസൃതമായ വഴിപാടുകൾ അയാൾ അർപ്പിക്കേണ്ടതാണ്. താൻ സ്വീകരിച്ചിരിക്കുന്ന നാസീർവ്രതത്തിന്റെ നിയമങ്ങൾ അയാൾ പാലിക്കണം.”
ആശീർവാദം
22സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 23“അഹരോനോടും പുത്രന്മാരോടും പറയുക, നിങ്ങൾ ഇസ്രായേൽജനത്തെ ആശീർവദിക്കേണ്ടത് ഇങ്ങനെയാണ്: 24സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. 25അവിടുന്നു തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിച്ച് നിങ്ങളോടു കരുണകാണിക്കട്ടെ. 26സർവേശ്വരൻ കരുണയോടെ കടാക്ഷിച്ച് നിങ്ങൾക്കു സമാധാനം നല്‌കട്ടെ. 27ഇങ്ങനെ അവർ എന്റെ നാമം ഉച്ചരിച്ചുകൊണ്ട് ഇസ്രായേൽജനത്തെ ആശീർവദിക്കട്ടെ. അപ്പോൾ ഞാൻ അവരെ അനുഗ്രഹിക്കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
NUMBERS 6: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.