NUMBERS 31:25-54

NUMBERS 31:25-54 MALCLBSI

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ കൊള്ളവസ്തുക്കളായി പിടിച്ചെടുത്ത എല്ലാറ്റിന്റെയും കണക്ക് നീയും എലെയാസാർ പുരോഹിതനും പിതൃഗോത്രനേതാക്കളും ചേർന്ന് എടുക്കണം. അവ യുദ്ധത്തിനു പോയ യോദ്ധാക്കൾക്കും ജനസമൂഹത്തിനുമായി രണ്ടായി ഭാഗിക്കണം. യോദ്ധാക്കളുടെ പങ്കായി വേർതിരിച്ച തടവുകാരിലും കന്നുകാലി, കഴുത, ആട് എന്നീ മൃഗങ്ങളിലുംനിന്ന് അഞ്ഞൂറിന് ഒന്നുവീതം സർവേശ്വരനുള്ള ഓഹരിയായി വാങ്ങണം. അത് അവരുടെ പങ്കിൽനിന്ന് എടുത്ത് സർവേശ്വരനുള്ള വഴിപാടായി എലെയാസാർ പുരോഹിതനെ ഏല്പിക്കണം. എന്നാൽ ഇസ്രായേൽജനങ്ങളുടെ പങ്കായി ലഭിച്ച തടവുകാർ, കന്നുകാലി, കഴുത, ആട് എന്നിവയിൽനിന്ന് അമ്പതിന് ഒന്നുവീതം എടുത്തു സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിന്റെ ചുമതല വഹിക്കുന്ന ലേവ്യർക്കു കൊടുക്കണം.” സർവേശ്വരൻ കല്പിച്ചതുപോലെ മോശയും എലെയാസാർപുരോഹിതനും പ്രവർത്തിച്ചു. കൊള്ളമുതലിൽനിന്നു യോദ്ധാക്കൾ എടുത്തതിനു ശേഷമുണ്ടായിരുന്ന ആടുകൾ ആറുലക്ഷത്തി എഴുപത്തയ്യായിരവും കന്നുകാലികൾ എഴുപത്തീരായിരവും കഴുതകൾ അറുപത്തോരായിരവും പുരുഷനുമായി ബന്ധപ്പെടാത്ത സ്‍ത്രീകൾ മുപ്പത്തീരായിരവും ആയിരുന്നു. യുദ്ധത്തിനു പോയവരുടെ പകുതി ഓഹരി മൂന്നു ലക്ഷത്തിമുപ്പത്തേഴായിരത്തി അഞ്ഞൂറ് ആടുകളും, അവയിൽ സർവേശ്വരന്റെ ഓഹരി അറുനൂറ്റെഴുപത്തഞ്ചും കന്നുകാലികൾ മുപ്പത്താറായിരവും അവയിൽ സർവേശ്വരന്റെ ഓഹരി എഴുപത്തിരണ്ടും ആയിരുന്നു. കഴുതകൾ മുപ്പതിനായിരത്തി അഞ്ഞൂറും അവയിൽ സർവേശ്വരന്റെ ഓഹരി അറുപത്തൊന്നും തടവുകാർ പതിനാറായിരവും അവരിൽ സർവേശ്വരന്റെ ഓഹരി മുപ്പത്തിരണ്ടും ആയിരുന്നു. സർവേശ്വരന് ഓഹരിയായി അർപ്പിച്ചവയെല്ലാം അവിടുന്നു കല്പിച്ചിരുന്നതുപോലെ മോശ എലെയാസാർപുരോഹിതനെ ഏല്പിച്ചു. യോദ്ധാക്കൾക്കുവേണ്ടി വേർതിരിച്ചതിന്റെ ശേഷമുണ്ടായിരുന്ന പകുതി ഓഹരി ജനത്തിനുവേണ്ടി വേർതിരിച്ചു. ജനത്തിനു വേർതിരിച്ച ഓഹരിയിൽ മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തി അഞ്ഞൂറ് ആടുകളും മുപ്പത്താറായിരം കന്നുകാലികളും മുപ്പതിനായിരത്തി അഞ്ഞൂറു കഴുതകളും പതിനാറായിരം തടവുകാരും ഉണ്ടായിരുന്നു. ഇസ്രായേൽജനത്തിനുവേണ്ടി വേർതിരിച്ച മനുഷ്യരിലും മൃഗങ്ങളിലുംനിന്ന് അമ്പതിന് ഒന്നു വീതം സർവേശ്വരൻ തന്നോടു കല്പിച്ചിരുന്നതുപോലെ മോശ അവിടുത്തെ തിരുസാന്നിധ്യകൂടാരത്തിന്റെ ചുമതല വഹിക്കുന്ന ലേവ്യർക്കു കൊടുത്തു. പിന്നീടു സഹസ്രാധിപന്മാരും ശതാധിപന്മാരും മോശയുടെ അടുക്കൽ വന്നു. അവർ മോശയോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ഞങ്ങളുടെ കീഴിലുണ്ടായിരുന്ന യോദ്ധാക്കളുടെ എണ്ണമെടുത്തു; അവരിൽ ഒരാൾപോലും നഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഞങ്ങളിൽ ഓരോരുത്തർക്കും ലഭിച്ച തോൾവള, കൈവള, മുദ്രമോതിരം, കർണവളയം, മാല എന്നീ സ്വർണാഭരണങ്ങൾ സർവേശ്വരനു ഞങ്ങളുടെ പാപപരിഹാരത്തിനു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു. ആഭരണങ്ങളായി ഉണ്ടായിരുന്ന സ്വർണമത്രയും മോശയും എലെയാസാർപുരോഹിതനുംകൂടി അവരിൽനിന്ന് ഏറ്റുവാങ്ങി. സഹസ്രാധിപന്മാരും ശതാധിപന്മാരും സർവേശ്വരനു വഴിപാടായി അർപ്പിച്ച സ്വർണം ഏകദേശം പതിനാറായിരത്തി എഴുനൂറ്റമ്പതു ശേക്കെൽ ഉണ്ടായിരുന്നു. യോദ്ധാക്കൾ തങ്ങൾക്കു ലഭിച്ച കൊള്ളമുതലുകൾ സ്വന്തമായി എടുത്തിരുന്നു. മോശയും എലെയാസാർപുരോഹിതനും ചേർന്നു സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും ഏറ്റുവാങ്ങിയ സ്വർണം ഇസ്രായേൽജനത്തിന്റെ ഓർമയ്‍ക്കായി തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുപോയി.

NUMBERS 31 വായിക്കുക