സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തിനുവേണ്ടി മിദ്യാന്യരോടു നീ പ്രതികാരം ചെയ്യുക. അതിനുശേഷം നീ മരിച്ചു പൂർവികരോടു ചേരും.” മോശ ജനത്തോടു പറഞ്ഞു: “സർവേശ്വരനുവേണ്ടി മിദ്യാന്യരോടു പ്രതികാരം ചെയ്യാൻ യുദ്ധത്തിന് ഒരുങ്ങുക. ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും ആയിരം പേരെ വീതം യുദ്ധത്തിന് അയയ്‍ക്കണം.” ഓരോ ഗോത്രത്തിൽനിന്നും ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധത്തിനായി വേർതിരിച്ചു. മോശ ഓരോ ഗോത്രത്തിൽനിന്നും ആയിരംപേർ വീതമുള്ള ഗണത്തെ എലെയാസാർ പുരോഹിതന്റെ മകനായ ഫീനെഹാസിനോടൊപ്പം യുദ്ധത്തിനയച്ചു; അയാളുടെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും സൂചനാശബ്ദം പുറപ്പെടുവിക്കുന്ന കാഹളങ്ങളും ഉണ്ടായിരുന്നു. സർവേശ്വരൻ മോശയോടു കല്പിച്ചപ്രകാരം അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു; പുരുഷപ്രജകളെയെല്ലാം കൊന്നൊടുക്കി. മിദ്യാന്യരുടെ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു പേരും കൊല്ലപ്പെട്ടു. ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ സംഹരിച്ചു. ഇസ്രായേൽജനം മിദ്യാന്യസ്‍ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അവരുടെ ആടുമാടുകളും സകല സമ്പത്തും അവർ കൊള്ളയടിച്ചു. അവരുടെ പട്ടണങ്ങളും എല്ലാ പാർപ്പിടങ്ങളും ഇസ്രായേല്യർ അഗ്നിക്കിരയാക്കി. മനുഷ്യരും മൃഗങ്ങളുമടങ്ങിയ കൊള്ളവസ്തുക്കൾ അവർ സ്വന്തമാക്കി. തടവുകാരോടൊപ്പം കൊള്ളവസ്തുക്കളും അവർ യെരീഹോവിന്റെ എതിർവശത്തു യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയമടിച്ചിരുന്ന മോശയുടെയും എലെയാസാർ പുരോഹിതന്റെയും ഇസ്രായേൽജനസമൂഹം മുഴുവന്റെയും മുമ്പാകെ കൊണ്ടുവന്നു. തിരിച്ചെത്തിയ സൈന്യത്തെ എതിരേല്‌ക്കാൻ മോശയും എലെയാസാർപുരോഹിതനും ജനനേതാക്കന്മാരും പാളയത്തിനു പുറത്തുവന്നു. യുദ്ധരംഗത്തുനിന്നു തിരിച്ചുവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സേനാനായകന്മാരോടു മോശ കുപിതനായി ചോദിച്ചു: “സ്‍ത്രീകളെയെല്ലാം നിങ്ങൾ ജീവിക്കാൻ അനുവദിച്ചതെന്ത്? ബിലെയാമിന്റെ ഉപദേശത്താൽ പെയോരിൽവച്ച് ഇസ്രായേൽജനം സർവേശ്വരനോട് അവിശ്വസ്തരായി പെരുമാറിയതിനു കാരണക്കാർ ഈ സ്‍ത്രീകളായിരുന്നില്ലേ? അതുകൊണ്ടല്ലേ അവിടത്തെ ജനസമൂഹത്തിന്റെ ഇടയിൽ ബാധയുണ്ടായത്? അതിനാൽ സകല ആൺകുട്ടികളെയും പുരുഷനോടൊത്തു ശയിച്ചിട്ടുള്ള സകല സ്‍ത്രീകളെയും വധിക്കുക. എന്നാൽ പുരുഷനോടൊത്തു ശയിച്ചിട്ടില്ലാത്ത പെൺകുട്ടികളെ നിങ്ങൾക്കുവേണ്ടി ജീവിക്കാൻ അനുവദിക്കാം. ആരെയെങ്കിലും കൊന്നവരും ശവത്തെ സ്പർശിച്ചവരും ഏഴു ദിവസം പാളയത്തിനു പുറത്തു പാർക്കണം; അവർ മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെത്തന്നെയും ബന്ധനസ്ഥരാക്കിയ സ്‍ത്രീകളെയും ശുദ്ധീകരിക്കണം. സകല വസ്ത്രങ്ങളും തോലുകൊണ്ടുള്ള എല്ലാ വസ്തുക്കളും കോലാട്ടിൻരോമംകൊണ്ടും തടികൊണ്ടും നിർമ്മിച്ച സകല സാധനങ്ങളും ശുദ്ധീകരിക്കണം.” യുദ്ധരംഗത്തുനിന്നു തിരിച്ചുവന്ന യോദ്ധാക്കളോട് എലെയാസാർപുരോഹിതൻ പറഞ്ഞു: “സർവേശ്വരൻ മോശയോടു കല്പിച്ചിട്ടുള്ള നിയമം ഇതാണ്. സ്വർണം, വെള്ളി, ഓട്, ഇരുമ്പ്, വെളുത്തീയം, കാരീയം മുതലായ അഗ്നിയിൽ നശിച്ചുപോകാത്ത സാധനങ്ങൾ തീയിൽ ശുദ്ധിവരുത്തണം. പിന്നീടു ശുദ്ധീകരണജലംകൊണ്ട് അവ വിശുദ്ധീകരിക്കണം. തീയിൽ നശിച്ചുപോകുന്ന എല്ലാ സാധനങ്ങളും ജലംകൊണ്ടു ശുദ്ധീകരിക്കണം. ഏഴാം ദിവസം നിങ്ങൾ വസ്ത്രം അലക്കണം. അപ്പോൾ നിങ്ങൾ ശുദ്ധിയുള്ളവരായിത്തീരും; അതിനുശേഷം നിങ്ങൾക്കു പാളയത്തിൽ പ്രവേശിക്കാം.”
NUMBERS 31 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 31:1-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ