NUMBERS 29:12-40

NUMBERS 29:12-40 MALCLBSI

ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങൾ വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികൾ ഒന്നും ചെയ്യരുത്. നിങ്ങൾ സർവേശ്വരനു വേണ്ടി ഏഴു ദിവസം നീണ്ടുനില്‌ക്കുന്ന ഉത്സവം ആചരിക്കുക. സർവേശ്വരനു പ്രസാദകരമായ സുഗന്ധം പരത്തുന്ന ഹോമയാഗമായി പതിമൂന്നു കാളക്കുട്ടികളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം. കാള ഒന്നിനു മൂന്ന് ഇടങ്ങഴിയും ആണാട് ഒന്നിനു രണ്ട് ഇടങ്ങഴിയും ആട്ടിൻകുട്ടി ഒന്നിന് ഒരു ഇടങ്ങഴിയും വീതം മാവ് ഒലിവെണ്ണ ചേർത്തു ധാന്യയാഗമായി അർപ്പിക്കേണ്ടതാണ്. പ്രതിദിനഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കണം. രണ്ടാം ദിവസം കുറ്റമറ്റ പന്ത്രണ്ടു കാളക്കുട്ടികളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കുക. കാളകൾ, ആണാടുകൾ, ആട്ടിൻകുട്ടികൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമുള്ള ധാന്യയാഗത്തോടും പാനീയയാഗത്തോടും ഒപ്പം അവ അർപ്പിക്കണം. പ്രതിദിനഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്. മൂന്നാം ദിവസം കുറ്റമറ്റ പതിനൊന്നു കാളകളെയും, രണ്ട് ആണാടുകളെയും, ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. കാളകൾ, ആണാടുകൾ, ആട്ടിൻകുട്ടികൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അവയോടൊപ്പം അർപ്പിക്കണം. പ്രതിദിനഹോമയാഗത്തിനും അതിനോടു ചേർന്നുള്ള ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്. നാലാം ദിവസം കുറ്റമറ്റ പത്തു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. കാളകൾ, ആണാടുകൾ, കുഞ്ഞാടുകൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അർപ്പിക്കണം. പ്രതിദിന ഹോമയാഗത്തിനും അതോടൊപ്പമുള്ള ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്. അഞ്ചാം ദിവസം കുറ്റമറ്റ ഒൻപതു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സുപ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. കാളകൾ, ആണാടുകൾ, കുഞ്ഞാടുകൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അർപ്പിക്കണം. പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്. ആറാം ദിവസം കുറ്റമറ്റ എട്ടു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കുക. കാളകൾ, ആണാടുകൾ, ആട്ടിൻകുട്ടികൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അർപ്പിക്കണം. പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്. ഏഴാം ദിവസം കുറ്റമറ്റ ഏഴു കാളകളെയും, രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. കാളകൾ, ആണാടുകൾ, ആട്ടിൻകുട്ടികൾ എന്നിവയുടെ എണ്ണമനുസരിച്ച് നിയമാനുസൃതമായ ധാന്യയാഗവും, പാനീയയാഗവും അർപ്പിക്കണം. പ്രതിദിനഹോമയാഗത്തിനും, ധാന്യയാഗത്തിനും, പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്. എട്ടാം ദിവസം വിശുദ്ധസഭ ചേരണം. അന്നു കഠിനജോലികൾ ഒന്നും പാടില്ല. സർവേശ്വരനു പ്രസാദകരമായ സുഗന്ധം പരത്തുന്ന ഹോമയാഗമായി കുറ്റമറ്റ ഒരു കാള, ഒരു ആണാട്, ഒരു വയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാടുകൾ എന്നിവയെ അർപ്പിക്കണം. കാള, ആണാട്, ആട്ടിൻകുട്ടികൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അർപ്പിക്കണം. പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്. നിങ്ങളുടെ ഹോമയാഗങ്ങൾക്കും ധാന്യയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും സമാധാനയാഗങ്ങൾക്കും വേണ്ടിയുള്ള നേർച്ചകൾക്കും സ്വമേധാദാനങ്ങൾക്കും പുറമേ ഇവയെല്ലാം നിങ്ങളുടെ നിശ്ചിത ഉത്സവദിവസങ്ങളിൽ സർവേശ്വരനു സമർപ്പിക്കണം. സർവേശ്വരൻ മോശയോടു കല്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽജനത്തെ അറിയിച്ചു.

NUMBERS 29 വായിക്കുക