NUMBERS 29:1-11

NUMBERS 29:1-11 MALCLBSI

ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾ വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികളിൽ ഏർപ്പെടരുത്; അതു കാഹളങ്ങൾ മുഴക്കുന്ന ദിവസമാകുന്നു. അന്നു സർവേശ്വരനു പ്രസാദകരമായ ഹോമയാഗമായി ഒരു കാളക്കുട്ടി, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാടുകൾ എന്നിവയെ അർപ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം. അവയോടൊപ്പം ധാന്യയാഗമായി കാളയ്‍ക്കു മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും കുഞ്ഞാടിന് ഒരു ഇടങ്ങഴിയുംവീതം നേരിയ മാവ് ഒലിവെണ്ണയിൽ കുഴച്ച് അർപ്പിക്കേണ്ടതാണ്. നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തമായി ഒരു ആൺകോലാടിനെയും അർപ്പിക്കണം. ഇവയെല്ലാം ഓരോ മാസത്തിലെയും ഒന്നാം ദിവസം അർപ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പ്രതിദിനം അർപ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും നിയമപ്രകാരമുള്ള പാനീയയാഗത്തിനും പുറമേ ആണ്. അവ ഹോമയാഗമായിട്ടാണ് അർപ്പിക്കേണ്ടത്; അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. ഏഴാം മാസത്തിലെ പത്താം ദിവസം നിങ്ങൾ വിശുദ്ധസഭ കൂടണം. അന്നു നിങ്ങൾ ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്. സർവേശ്വരനു പ്രസാദകരമായ സൗരഭ്യവാസനയാകുന്ന ഹോമയാഗമായി ഒരു കാളക്കുട്ടിയെയും ഒരു ആണാടിനെയും ഏഴ് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം. അവയോടൊപ്പമുള്ള ധാന്യയാഗമായി ഒലിവെണ്ണ ചേർത്ത മാവ് അർപ്പിക്കേണ്ടതാണ്; കാളയ്‍ക്ക് മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും കുഞ്ഞാടിന് ഒരു ഇടങ്ങഴിയുംവീതം മാവ് ഒലിവെണ്ണ ചേർത്ത് അർപ്പിക്കണം. പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കണം; അതു പാപപരിഹാരദിനത്തിൽ ജനത്തിനുവേണ്ടി അർപ്പിക്കുന്ന പാപപരിഹാരയാഗമാകുന്നു. പ്രതിദിനഹോമയാഗങ്ങൾ, അവയോടൊന്നിച്ചുള്ള ധാന്യയാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവയ്‍ക്കു പുറമേയായിരിക്കും ഇത്.

NUMBERS 29 വായിക്കുക