സർവേശ്വരൻ മോശയോടു കല്പിച്ചു: “എനിക്കു പ്രസാദകരമായ ദഹനയാഗങ്ങൾക്കുള്ള വഴിപാടുകൾ നിശ്ചിത സമയങ്ങളിൽ മുടക്കംകൂടാതെ അർപ്പിക്കാൻ ഇസ്രായേൽ ജനത്തോടു പറയണം. നീ അവരോടു പറയുക: “ദഹനയാഗമായി സർവേശ്വരന് അർപ്പിക്കാനുള്ള വഴിപാടുകൾ ഇവയാണ്: ഓരോ ദിവസവും ഹോമയാഗമായി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ രണ്ട് ആട്ടിൻകുട്ടിയെ വീതം അർപ്പിക്കണം. അവയിൽ ഒന്നിനെ രാവിലെയും മറ്റതിനെ സന്ധ്യക്കുമാണ് അർപ്പിക്കേണ്ടത്. അതോടൊപ്പം ശുദ്ധമായ കാൽ ഹീൻ എണ്ണയിൽ കുഴച്ചമാവ് ധാന്യയാഗമായി അർപ്പിക്കണം. സർവേശ്വരനു പ്രസാദകരമായ സൗരഭ്യയാഗമായി സീനായ്മലയിൽവച്ച് ഏർപ്പെടുത്തപ്പെട്ട നിരന്തരഹോമയാഗമാണിത്. ഒരു ആടിന് കാൽ ഹീൻ വീഞ്ഞ് എന്ന തോതിൽ പാനീയയാഗവും അർപ്പിക്കണം. സർവേശ്വരനുള്ള പാനീയയാഗമായി ലഹരിയുള്ള വീഞ്ഞ് നിങ്ങൾ വിശുദ്ധസ്ഥലത്ത് ഒഴിക്കണം. രാവിലെ ചെയ്തതുപോലെ ധാന്യയാഗത്തോടും പാനീയയാഗത്തോടുംകൂടി രണ്ടാമത്തെ ആട്ടിൻകുട്ടിയെയും വൈകുന്നേരം ദഹനയാഗമായി അർപ്പിക്കണം. ഇതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. ശബത്തു ദിവസം ഒരു വയസ്സു പ്രായമുള്ള ഊനമറ്റ രണ്ട് ആട്ടിൻകുട്ടികളെ അർപ്പിക്കണം. അതോടുകൂടി ഒലിവെണ്ണയിൽ കുഴച്ച രണ്ട് ഇടങ്ങഴി നേരിയ മാവും പാനീയയാഗത്തിനുള്ള വീഞ്ഞും അർപ്പിക്കേണ്ടതാണ്. ദിവസേന അർപ്പിക്കുന്ന ഹോമയാഗത്തിനും പാനീയയാഗത്തിനും പുറമേ ശബത്തുതോറുമുള്ള ഹോമയാഗമാണിത്. ഓരോ മാസത്തിലെയും ആദ്യദിവസം രണ്ടു കാളക്കുട്ടികൾ, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആട്ടിൻകുട്ടികൾ എന്നിവയെ സർവേശ്വരനു ഹോമയാഗമായി അർപ്പിക്കണം; അവയെല്ലാം കുറ്റമറ്റവയായിരിക്കണം. ഇവയോടൊപ്പം ധാന്യയാഗമായി ഒലിവെണ്ണയിൽ കുഴച്ചമാവും അർപ്പിക്കണം; ഓരോ കാളയ്‍ക്കും മൂന്ന് ഇടങ്ങഴിയും, ഓരോ ആണാടിനും രണ്ട് ഇടങ്ങഴിയും, ഓരോ ആട്ടിൻകുട്ടിക്കും ഓരോ ഇടങ്ങഴിയും മാവാണ് എണ്ണ ചേർത്ത് അർപ്പിക്കേണ്ടത്. ഈ ഹോമയാഗങ്ങളെല്ലാം സർവേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ളയാഗങ്ങളാണ്. പാനീയയാഗമായി ഒരു കാളയ്‍ക്ക് അര ഹീനും, ആണാടിന് ഹീനിന്റെ മൂന്നിലൊന്നും, ആട്ടിൻകുട്ടിക്കു കാൽ ഹീനും എന്ന തോതിൽ വീഞ്ഞ് അർപ്പിക്കണം; വർഷംതോറും ഓരോ മാസവും അർപ്പിക്കേണ്ടവയെ സംബന്ധിച്ച നിയമം ഇതാണ്. പാനീയയാഗത്തോടുകൂടിയ പ്രതിദിനഹോമയാഗത്തിനു പുറമേ ഒരു ആൺകോലാടിനെ പാപപരിഹാരയാഗമായും സർവേശ്വരന് അർപ്പിക്കണം.
NUMBERS 28 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 28:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ