NUMBERS 24

24
1ഇസ്രായേലിനെ അനുഗ്രഹിക്കുന്നതാണു സർവേശ്വരനു പ്രസാദകരമെന്നു മനസ്സിലാക്കിയ ബിലെയാം മുമ്പത്തെപ്പോലെ ലക്ഷണം നോക്കാൻ പോകാതെ മരുഭൂമിക്കു നേരേ മുഖം തിരിച്ചു. 2ബിലെയാം തല ഉയർത്തി നോക്കിയപ്പോൾ ഗോത്രം ഗോത്രമായി പാളയമടിച്ചിരിക്കുന്ന ഇസ്രായേൽജനതയെ കണ്ടു. ദൈവിക ചൈതന്യം അയാളുടെമേൽ വന്നു. 3ബിലെയാം പ്രവചിച്ചു:
“ബെയോരിന്റെ പുത്രനായ ബിലെയാമിന്റെ സന്ദേശം;
ദർശനം ലഭിച്ചവന്റെ വാക്കുകൾ.
4ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ;
സർവശക്തന്റെ ദർശനം ലഭിച്ചവൻ; തുറന്ന കണ്ണുകളോടെ ഏകാഗ്രചിത്തനായിരിക്കുന്നവൻ പറയുന്നു:
5യാക്കോബേ, നിന്റെ കൂടാരങ്ങൾ;
ഇസ്രായേലേ, നിന്റെ പാളയങ്ങൾ എത്ര മനോഹരം.
6താഴ്‌വരകൾപോലെ,
നദീതീരത്തെ തോട്ടങ്ങൾപോലെ അവ പരന്നുകിടക്കുന്നു.
സർവേശ്വരൻ നട്ട ഔഷധച്ചെടികൾപോലെ;
നീർച്ചാലിനരികെയുള്ള ദേവദാരുപോലെതന്നെ.
7വെള്ളം അവരുടെ തൊട്ടികളിൽനിന്നു കവിഞ്ഞൊഴുകുന്നു;
ജലസമൃദ്ധിയുള്ള നിലങ്ങളിൽ അവർ വിത്തു നടുന്നു;
അവരുടെ രാജാവ് ആഗാഗിലും വലിയവൻ; അവന്റെ രാജ്യം മഹത്ത്വമണിയും.
8ഈജിപ്തിൽനിന്നു ദൈവം അവരെ കൊണ്ടുവരുന്നു.
കാട്ടുപോത്തിന്റെ കരുത്തവർക്കുണ്ട്.
ശത്രുജനതകളെ അവർ സംഹരിക്കുന്നു;
അവരുടെ എല്ലുകളെ തകർക്കുന്നു;
അവരുടെ അസ്ത്രങ്ങൾ ശത്രുക്കളിൽ തുളഞ്ഞുകയറുന്നു.
9സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവർ പതുങ്ങിക്കിടക്കുന്നു.
ആര് അവരെ തട്ടിയുണർത്തും?
അവരെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;
അവരെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.”
10അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരേ ജ്വലിച്ചു; അവൻ കൈകൾ ഞെരിച്ചുകൊണ്ടു ബിലെയാമിനോടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാൻ ഞാൻ നിന്നെ വിളിച്ചുകൊണ്ടുവന്നു; ഇതാ, ഈ മൂന്നു തവണയും നീ അവരെ അനുഗ്രഹിച്ചിരിക്കുന്നു. 11അതുകൊണ്ടു നീ നിന്റെ നാട്ടിലേക്ക് ഉടൻ പൊയ്‍ക്കൊള്ളുക; നിന്നെ യഥോചിതം ആദരിക്കുമെന്നു ഞാൻ പറഞ്ഞിരുന്നു; എന്നാൽ നിന്റെ സർവേശ്വരൻ നിനക്ക് അതു നിഷേധിച്ചിരിക്കുന്നു.” 12ബിലെയാം മറുപടി പറഞ്ഞു: “നിറയെ വെള്ളിയും സ്വർണവുമുള്ള നിന്റെ വീട് തന്നാലും അവിടുത്തെ കല്പന ലംഘിച്ച് നന്മയോ, തിന്മയോ, സ്വന്തം നിലയിൽ ചെയ്യുകയില്ലെന്നും സർവേശ്വരൻ കല്പിക്കുന്നതേ ഞാൻ പറയൂ എന്നും 13നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞിരുന്നില്ലയോ?”
ബിലെയാമിന്റെ അവസാനത്തെ പ്രവചനങ്ങൾ
14ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകുകയാണ്. വരിക, ഭാവിയിൽ ഇസ്രായേൽജനം നിന്റെ ജനത്തോട് എന്തു ചെയ്യുമെന്നു ഞാൻ നിന്നോടു പറയാം.” 15പിന്നീടു ബിലെയാം പ്രവചിച്ചു:
“ബെയോരിന്റെ പുത്രനായ ബിലെയാമിന്റെ സന്ദേശം;
ദർശനം ലഭിച്ചവന്റെ വാക്കുകൾ.
16ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ;
സർവശക്തന്റെ പരിജ്ഞാനം ലഭിച്ചവൻ;
അവിടുത്തെ ദർശനം സിദ്ധിച്ചവൻ; തുറന്ന കണ്ണുകളോടെ ഏകാഗ്രചിത്തനായിരിക്കുന്ന വൻ പറയുന്നു:
17“ഞാൻ അവനെ കാണും; എന്നാൽ ഇപ്പോഴല്ല.
ഞാൻ അവനെ ദർശിക്കും, ഉടനെ അല്ല;
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും;
ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും;
അതു മോവാബിന്റെ തല തകർക്കും;
ശേത്തിന്റെ പുത്രന്മാരെ സംഹരിക്കും.
ഇസ്രായേൽ സുധീരം മുന്നേറുമ്പോൾ,
18എദോം അന്യാധീനമാകും; ശത്രുദേശമായ സേയീരും അന്യാധീനപ്പെടും.
19യാക്കോബിൽനിന്ന് ഒരു ഭരണാധിപൻ ഉയരും;
പട്ടണങ്ങളിൽ ശേഷിച്ചവരെ അവൻ നശിപ്പിക്കും.
20അമാലേക്കിനെ നോക്കി ബിലെയാം പ്രവചിച്ചു: ‘അമാലേക്ക് ജനതകളിൽ ഒന്നാമൻ,
എന്നാൽ ഒടുവിൽ അവൻ നശിപ്പിക്കപ്പെടും.’
21കേന്യരെ നോക്കിക്കൊണ്ട് അദ്ദേഹം പ്രവചിച്ചു: “നിന്റെ വാസസ്ഥലം സുരക്ഷിതം;
പാറയിലാണ് നിന്റെ പാർപ്പിടമെങ്കിലും നീ പൂർണമായി നശിക്കും.
22അശ്ശൂർ നിങ്ങളെ അടിമകളാക്കി കൊണ്ടുപോകും.”
23ബിലെയാം തുടർന്നു പ്രവചിച്ചു: “ദൈവം ഇങ്ങനെ പ്രവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും?
24സൈപ്രസിൽനിന്നു കപ്പലുകൾ വരും; അശ്ശൂരിനെയും ഏബെരിനെയും പീഡിപ്പിക്കും;
എന്നാൽ അതും നശിച്ചുപോകും.
25പിന്നീട് ബിലെയാം സ്വദേശത്തേക്കും ബാലാക്ക് അയാളുടെ വഴിക്കും പോയി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NUMBERS 24: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക