NUMBERS 22:21-31

NUMBERS 22:21-31 MALCLBSI

ബിലെയാം പ്രഭാതത്തിൽ എഴുന്നേറ്റു കഴുതയ്‍ക്കു ജീനിയിട്ടു മോവാബ്യപ്രഭുക്കന്മാരോടൊപ്പം പുറപ്പെട്ടു. ബിലെയാം യാത്ര പുറപ്പെട്ടപ്പോൾ ദൈവത്തിന്റെ കോപം ജ്വലിച്ചു; സർവേശ്വരന്റെ ഒരു ദൂതൻ അവനെതിരേ വഴിയിൽ നിന്നു. കഴുതപ്പുറത്തു യാത്ര ചെയ്ത ബിലെയാമിനോടൊത്തു രണ്ടു ഭൃത്യന്മാരും ഉണ്ടായിരുന്നു. സർവേശ്വരന്റെ ദൂതൻ ഊരിയവാളുമായി വഴിയിൽ നില്‌ക്കുന്നതു കണ്ടു കഴുത വയലിലേക്കു ചാടി. വഴിയിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനു ബിലെയാം കഴുതയെ അടിച്ചു. അപ്പോൾ സർവേശ്വരന്റെ ദൂതൻ മുന്തിരിത്തോട്ടങ്ങളുടെ ഇടയ്‍ക്ക് ഇരുവശവും മതിലുകളുള്ള ഒരു ഇടുങ്ങിയ വഴിയിൽ ചെന്നുനിന്നു. കഴുത സർവേശ്വരന്റെ ദൂതനെ കണ്ട് ഒരു വശത്തുള്ള മതിലിന്റെ അരികിലേക്കു നീങ്ങി; ബിലെയാമിന്റെ കാൽ മതിലിനോടു ചേർത്തു ഞെരുക്കി. അപ്പോൾ അയാൾ അതിനെ വീണ്ടും അടിച്ചു. പിന്നീട് ദൂതൻ മുമ്പോട്ടു ചെന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറുവാൻ ഇടയില്ലാത്ത ഒരു ഇടുങ്ങിയ വഴിയിൽ ചെന്നുനിന്നു. സർവേശ്വരന്റെ ദൂതനെ കണ്ടപ്പോൾ കഴുത കിടന്നുകളഞ്ഞു. അപ്പോൾ കുപിതനായ ബിലെയാം അതിനെ വീണ്ടും അടിച്ചു. പെട്ടെന്നു സർവേശ്വരൻ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു ചോദിച്ചു: “നീ എന്നെ മൂന്നു പ്രാവശ്യം അടിക്കാൻ തക്കവിധം നിന്നോടു ഞാൻ എന്തു ചെയ്തു.” “നീ എന്നെ വിഡ്ഢിയാക്കിയതുകൊണ്ടാണു ഞാൻ അങ്ങനെ ചെയ്തത്; എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ കൊന്നുകളയുമായിരുന്നു” എന്നു ബിലെയാം കഴുതയോടു പറഞ്ഞു. കഴുത ഇങ്ങനെ പറഞ്ഞു: “ഈ കാലമെല്ലാം നീ കയറി നടന്ന നിന്റെ കഴുതയല്ലേ ഞാൻ. ഇതിനു മുമ്പ് എപ്പോഴെങ്കിലും ഇപ്രകാരം പെരുമാറിയിട്ടുണ്ടോ?” “ഇല്ല.” ബിലെയാം മറുപടി പറഞ്ഞു. സർവേശ്വരൻ ബിലെയാമിന്റെ കണ്ണു തുറന്നു; അപ്പോൾ അവിടുത്തെ ദൂതൻ ഊരിപ്പിടിച്ച വാളുമായി നില്‌ക്കുന്നതു കണ്ടു ബിലെയാം സാഷ്ടാംഗം വീണു നമസ്കരിച്ചു.

NUMBERS 22 വായിക്കുക