NUMBERS 22:1-20

NUMBERS 22:1-20 MALCLBSI

ഇസ്രായേൽജനം യാത്ര തുടർന്നു യോർദ്ദാനക്കരെ മോവാബുസമഭൂമിയിൽ ചെന്നു യെരീഹോവിനെതിരേ പാളയമടിച്ചു. ഇസ്രായേല്യർ അമോര്യരോടു പ്രവർത്തിച്ചതെല്ലാം സിപ്പോരിന്റെ പുത്രനായ ബാലാക്ക് അറിഞ്ഞു. ഇസ്രായേൽജനത്തിന്റെ സംഖ്യാബലം മോവാബ്യരെ ഭയചകിതരും പരിഭ്രാന്തരുമാക്കി. മോവാബുരാജാവ് മിദ്യാന്യനേതാക്കന്മാരോടു പറഞ്ഞു: “വയലിലെ പുല്ല് കാള തിന്ന് ഒടുക്കുംപോലെ ഈ നാടോടികൾ നമ്മുടെ ചുറ്റുമുള്ളതെല്ലാം നശിപ്പിച്ചുകളയും.” സിപ്പോരിന്റെ മകൻ ബാലാക്കായിരുന്നു അന്നു മോവാബിലെ രാജാവ്. അയാൾ അമാവ്ദേശത്തു യൂഫ്രട്ടീസ് നദീതീരത്തുള്ള പെഥോരിൽ പാർത്തിരുന്ന ബെയോരിന്റെ മകൻ ബിലെയാമിന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചു പറഞ്ഞു: “ഒരു ജനത ഈജിപ്തിൽനിന്നു വന്ന് ഈ പ്രദേശം മുഴുവൻ നിറഞ്ഞിരിക്കുന്നു; അവർ എനിക്ക് എതിരേ പാളയമടിച്ചിരിക്കുകയാണ്. എനിക്കു നേരിടാൻ കഴിയാത്തവിധം ശക്തരാണവർ. അങ്ങു വന്ന് എനിക്കുവേണ്ടി അവരെ ശപിച്ചാലും; അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് അവരെ തോല്പിച്ച് ഓടിക്കാൻ സാധിച്ചേക്കും. അങ്ങ് അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടുകയും, ശപിക്കുന്നവർ ശപിക്കപ്പെടുകയും ചെയ്യും എന്ന് എനിക്ക് അറിയാം.” മോവാബിലെയും മിദ്യാനിലെയും ജനപ്രമാണികൾ ശാപത്തിനുള്ള ദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്ന് ബാലാക്കിന്റെ സന്ദേശം അറിയിച്ചു. ബിലെയാം അവരോടു പറഞ്ഞു: “ഇന്നു രാത്രി ഇവിടെ പാർക്കുക, സർവേശ്വരന്റെ അരുളപ്പാടു ഞാൻ നിങ്ങളെ അറിയിക്കാം.” അങ്ങനെ മോവാബ്യപ്രഭുക്കന്മാർ അന്ന് അവിടെ പാർത്തു. “നിന്റെ കൂടെയുള്ള ഇവരാരാണ്?” ദൈവം ബിലെയാമിനോടു ചോദിച്ചു. ബിലെയാം പറഞ്ഞു: “സിപ്പോരിന്റെ പുത്രനും മോവാബുരാജാവുമായ ബാലാക്ക് എന്റെ അടുക്കലേക്ക് അയച്ചവരാണിവർ.” ‘ഈജിപ്തിൽനിന്നു വന്ന ഒരു ജനതയെക്കൊണ്ട് ഈ പ്രദേശം മുഴുവൻ നിറഞ്ഞിരിക്കുന്നു; അവിടുന്ന് എനിക്കുവേണ്ടി അവരെ ശപിച്ചാലും; അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് അവരെ തോല്പിച്ചോടിക്കാൻ കഴിഞ്ഞേക്കും’ എന്ന് അവർ പറയുന്നു. ദൈവം ബിലെയാമിനോടു പറഞ്ഞു: “നീ അവരോടൊത്ത് പോകരുത്; ആ ജനത്തെ ശപിക്കയുമരുത്; അവർ അനുഗൃഹീതരാകുന്നു.” പിറ്റേന്നു രാവിലെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടു പറഞ്ഞു: “നിങ്ങളുടെ ദേശത്തേക്കു മടങ്ങിപ്പോകുക. നിങ്ങളുടെകൂടെ വരാൻ സർവേശ്വരൻ എന്നെ അനുവദിക്കുന്നില്ല.” മോവാബ്പ്രഭുക്കന്മാർ ബാലാക്കിന്റെ അടുക്കൽ ചെന്നു: “ബിലെയാം ഞങ്ങളോടൊപ്പം വരാൻ വിസമ്മതിക്കുന്നു” എന്നു പറഞ്ഞു. അവരെക്കാൾ ബഹുമാന്യരായ കൂടുതൽ പ്രഭുക്കന്മാരെ ബാലാക്ക് വീണ്ടും അയച്ചു. അവർ ബിലെയാമിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “സിപ്പോരിന്റെ പുത്രനായ ബാലാക്ക് പറയുന്നു, എന്റെ അടുക്കൽ വരുന്നതിനു യാതൊരു വിസമ്മതവും പറയരുതേ; അങ്ങയെ ഞാൻ ഏറ്റവും അധികം ബഹുമാനിക്കും. അങ്ങു ചോദിക്കുന്നതെന്തും ഞാൻ നല്‌കാം; അങ്ങു വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിച്ചാലും.” ബാലാക്കിന്റെ ദൂതന്മാരോടു ബിലെയാം പറഞ്ഞു: “നിറയെ വെള്ളിയും സ്വർണവുമുള്ള തന്റെ വീടു ബാലാക്ക് തന്നാലും, എന്റെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നതിനെക്കാൾ കൂടുതലായോ കുറവായോ ചെയ്യാൻ എനിക്കു കഴിയുകയില്ല. നിങ്ങൾ ഈ രാത്രി ഇവിടെ പാർക്കുക. സർവേശ്വരൻ എന്നോടു കൂടുതലായി എന്ത് അരുളിച്ചെയ്യും എന്ന് അറിയട്ടെ.” രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു പറഞ്ഞു: “നിന്നെ കൂട്ടിക്കൊണ്ടു പോകാനാണ് അവർ വന്നിരിക്കുന്നതെങ്കിൽ അവരോടൊത്തു പോകുക; എന്നാൽ ഞാൻ കല്പിക്കുന്നതു മാത്രമേ നീ ചെയ്യാവൂ.”

NUMBERS 22 വായിക്കുക