ഇസ്രായേൽജനം എദോം ചുറ്റിപ്പോകാൻ ഹോർപർവതത്തിൽനിന്നു ചെങ്കടൽവഴിയായി യാത്ര തിരിച്ചു. വഴിയിൽവച്ചു ജനം അക്ഷമരായി. അവർ ദൈവത്തിനും മോശയ്‍ക്കും എതിരായി പറഞ്ഞു: “ഈ മരുഭൂമിയിൽവച്ചു മരിക്കാൻ ഞങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്നതെന്തിന്? ഇവിടെ ഞങ്ങൾക്ക് ആഹാരവും വെള്ളവും ഇല്ല. ഈ വിലകെട്ട ഭക്ഷണം ഞങ്ങൾക്കു മടുത്തു.” അപ്പോൾ സർവേശ്വരൻ വിഷസർപ്പങ്ങളെ അവരുടെ ഇടയിൽ അയച്ചു; അവയുടെ കടിയേറ്റ് അനേകം ഇസ്രായേല്യർ മരിച്ചു. ജനം മോശയുടെ അടുത്തു വന്നു പറഞ്ഞു: “ഞങ്ങൾ പാപം ചെയ്തു; സർവേശ്വരനും അങ്ങേക്കും എതിരായി സംസാരിച്ചുപോയല്ലോ. ഞങ്ങളുടെ ഇടയിൽനിന്നു സർപ്പങ്ങളെ നീക്കിക്കളയാൻ സർവേശ്വരനോട് അപേക്ഷിക്കണമേ.” അപ്പോൾ മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു. അവിടുന്നു മോശയോട് അരുളിച്ചെയ്തു: “പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി ഒരു ദണ്ഡിന്മേൽ ഉയർത്തുക; സർപ്പങ്ങളുടെ കടിയേല്‌ക്കുന്നവൻ പിച്ചളസർപ്പത്തെ നോക്കിയാൽ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി അതിനെ ഒരു ദണ്ഡിന്മേൽ ഉയർത്തി. സർപ്പത്തിന്റെ കടിയേറ്റവർ പിച്ചളസർപ്പത്തെ നോക്കിയാൽ അവർ ജീവിക്കും. ഇസ്രായേൽജനം യാത്ര പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു. അവിടെനിന്നു മോവാബിന്റെ കിഴക്കു വശത്തു മരുഭൂമിയിലുള്ള ഇയ്യെ-അബാരീമിൽ എത്തി. പിന്നീട് അവിടെനിന്നു യാത്ര ചെയ്തു സാരേദ്താഴ്‌വരയിൽ എത്തി പാളയമടിച്ചു. അവിടെനിന്ന് അവർ യാത്ര തിരിച്ച് അർന്നോൻ നദിക്കക്കരെ എത്തി പാളയമടിച്ചു; അമോര്യദേശത്തു നിന്നുദ്ഭവിച്ചു മരുഭൂമിയിൽക്കൂടി ഒഴുകുന്ന അർന്നോൻനദി മോവാബിനും അമോര്യക്കും മധ്യേയുള്ള അതിരായിരുന്നു. അതുകൊണ്ടാണു ‘സർവേശ്വരന്റെ യുദ്ധങ്ങൾ’ എന്ന പുസ്തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്: സൂഫായിലെ വഹേബ്പട്ടണവും താഴ്‌വരകളും, അർന്നോൻനദിയും, ആർ പട്ടണവും മോവാബിന്റെ അതിരുവരെ നീണ്ടു കിടക്കുന്ന ചരിവുകളും. അവർ അവിടെനിന്നു ബേരിലേക്കു പുറപ്പെട്ടു; “ജനത്തെ ഒന്നിച്ചു കൂട്ടുക; അവർക്കു കുടിക്കാൻ ഞാൻ വെള്ളം നല്‌കും” എന്ന് അവിടെവച്ചാണ് സർവേശ്വരൻ മോശയോട് അരുളിച്ചെയ്തത്. അപ്പോൾ ഇസ്രായേൽജനം ഇങ്ങനെ പാടി: “കിണറുകളേ നിറഞ്ഞു കവിയുക; അതിനെ പ്രകീർത്തിച്ചു പാടുവിൻ. പ്രഭുക്കന്മാർ കുഴിച്ച കിണറുകൾ, ചെങ്കോൽകൊണ്ടും ദണ്ഡുകൾകൊണ്ടും ജനനേതാക്കൾ കുത്തിയ കിണറുകൾ. പിന്നീടവർ ബേരിൽനിന്നു മത്ഥാനയിലേക്കു യാത്ര തിരിച്ചു. അവിടെനിന്നു നഹലീയേലിലേക്കും നഹലീയേലിൽനിന്നു ബാമോത്തിലേക്കും ബാമോത്തിൽനിന്നു മരുഭൂമിക്ക് അഭിമുഖമായി നില്‌ക്കുന്ന പിസ്ഗാമലയുടെ സമീപം മോവാബു പ്രദേശത്തുള്ള താഴ്‌വരകളിലേക്കും അവർ പോയി. ഇസ്രായേൽജനം അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറഞ്ഞു: “അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിച്ചാലും; വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഞങ്ങൾ പ്രവേശിക്കുകയില്ല. കിണറുകളിൽനിന്നു വെള്ളം കോരുകയോ, നിങ്ങളുടെ അതിർത്തി കടക്കുന്നതുവരെ രാജപാതയിൽ കൂടിയല്ലാതെ സഞ്ചരിക്കുകയോ ഇല്ല. എന്നാൽ തന്റെ ദേശത്തുകൂടി കടന്നുപോകാൻ സീഹോൻ സമ്മതിച്ചില്ല; മാത്രമല്ല, അയാൾ തന്റെ ജനത്തെ വിളിച്ചുകൂട്ടി, ഇസ്രായേൽജനത്തെ ആക്രമിക്കാൻ മരുഭൂമിയിലേക്കു പുറപ്പെടുകയും ചെയ്തു; അവർ യാഹാസിൽവച്ച് ഇസ്രായേൽജനത്തോടു യുദ്ധം ചെയ്തു. ഇസ്രായേൽജനം അവരെ സംഹരിച്ച് അർന്നോൻ മുതൽ അമ്മോന്യരാജ്യത്തിന്റെ അതിരായ യാബോക്കുവരെ വ്യാപിച്ചുകിടന്ന സീഹോന്റെ രാജ്യം കൈവശമാക്കി. യാസെർ ആയിരുന്നു അമ്മോന്യരുടെ അതിര്. ഇസ്രായേൽജനം അമോര്യരുടെ പട്ടണങ്ങളെല്ലാം കൈവശമാക്കി, ഹെശ്ബോനിലും അതിലെ സകല ഗ്രാമങ്ങളിലും അവർ വാസമുറപ്പിച്ചു. അമോര്യരാജാവായിരുന്ന സീഹോന്റെ നഗരമായിരുന്നു ഹെശ്ബോൻ. മോവാബുരാജാവിനെ തോല്പിച്ച് സീഹോൻ അർന്നോൻവരെയുള്ള ദേശം കൈവശപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ഗായകർ ഇങ്ങനെ പാടിയത്: “ഹെശ്ബോനിലേക്കു വരിക; അതു വീണ്ടും പണിയുക; സീഹോന്റെ നഗരം പുനഃസ്ഥാപിക്കപ്പെടട്ടെ.” ഹെശ്ബോനിൽനിന്ന് അഗ്നി പുറപ്പെട്ടു, സീഹോന്റെ നഗരിയിൽനിന്നു തീജ്വാല പ്രവഹിച്ചു. അതു മോവാബിലെ ആർ പട്ടണത്തെയും, അർന്നോൻ ഗിരികളിലെ പ്രഭുക്കളെയും വിഴുങ്ങിക്കളഞ്ഞു. മോവാബേ നിനക്കു കഷ്ടം! കെമോശ് നിവാസികളേ, നിങ്ങൾക്കു നാശം! അവൻ തന്റെ പുത്രന്മാരെ അഭയാർഥികളാക്കി; പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമകളാക്കി. നാം ദീബോൻവരെയുള്ള ഹെശ്ബോന്യരെ നശിപ്പിച്ചു. മെദബയ്‍ക്കടുത്തു നോഫവരെയുള്ളവരെ സംഹരിച്ചു. അങ്ങനെ ഇസ്രായേൽജനം അമോര്യരുടെ ദേശത്തു വസിച്ചു. യാസെർദേശം ഒറ്റുനോക്കാൻ മോശ ചാരന്മാരെ അയച്ചു; അവർ ഗ്രാമങ്ങൾ പിടിച്ചെടുത്തു; അമോര്യരെ ഓടിച്ചുകളഞ്ഞു. പിന്നീട് ഇസ്രായേൽജനം ബാശാനിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്തു; ബാശാൻരാജാവായ ഓഗ് തന്റെ ജനവുമായി ഏദ്രയിൽവച്ച് ഇസ്രായേല്യരോട് ഏറ്റുമുട്ടാൻ പുറപ്പെട്ടു. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “അവനെ നീ ഭയപ്പെടേണ്ടാ; അവനെയും അവന്റെ ജനത്തെയും ദേശത്തെയും ഞാൻ നിനക്കു നല്‌കിയിരിക്കുന്നു. നീ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും പ്രവർത്തിക്കണം. ഇസ്രായേൽജനം ഓഗ് രാജാവിനെയും അയാളുടെ പുത്രന്മാരെയും ജനത്തെയും കൊന്നൊടുക്കി. ഒരു അവകാശിപോലും അയാൾക്കു ശേഷിച്ചില്ല. അങ്ങനെ ആ ദേശം അവർ കൈവശമാക്കി.
NUMBERS 21 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 21:4-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ