NUMBERS 16:36-50

NUMBERS 16:36-50 MALCLBSI

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “എരിതീയിൽനിന്നു ധൂപകലശങ്ങൾ ശേഖരിക്കാൻ അഹരോന്റെ പുത്രനായ എലെയാസാരിനോടു പറയുക. അവയിലെ കനൽ ദൂരെ കളയണം. കലശങ്ങൾ വിശുദ്ധമാണല്ലോ. തങ്ങളുടെ പാപങ്ങൾക്കുവേണ്ടി ജീവൻ വിലയായി നല്‌കിയ ഇവരുടെ ധൂപകലശങ്ങൾ ശേഖരിച്ച് അടിച്ചു തകിടുകളാക്കി യാഗപീഠം മൂടുന്നതിന് ഉപയോഗിക്കാം; അവ സർവേശ്വരസന്നിധിയിൽ സമർപ്പിച്ചവയായതുകൊണ്ടു വിശുദ്ധമാണ്; അവ ഇസ്രായേൽജനത്തിന് ഒരു അടയാളമായിരിക്കട്ടെ. തീയിൽ വെന്തുപോയവർ അർപ്പിച്ച ഓട്ടുധൂപകലശങ്ങൾ പുരോഹിതനായ എലെയാസാർ ശേഖരിച്ചു; യാഗപീഠം മൂടത്തക്കവിധം അവ അടിച്ചുപരത്തി തകിടാക്കി. അഹരോന്റെ വംശപരമ്പരയിൽ പെടാത്തവനും പുരോഹിതനല്ലാത്തവനും സർവേശ്വരസന്നിധിയിൽ പ്രവേശിച്ചു ധൂപാർപ്പണം നടത്തിയാൽ കോരഹിനും അവന്റെ കൂട്ടർക്കും ഉണ്ടായ അനുഭവം ഉണ്ടാകും എന്നതിന്റെ പ്രതീകമായി അവ ഇസ്രായേൽജനത്തിന്റെ മുമ്പിൽ ഇരിക്കട്ടെ.” സർവേശ്വരൻ മോശ മുഖേന കല്പിച്ചതുപോലെ എലെയാസാർ ചെയ്തു. പിറ്റെദിവസം ഇസ്രായേൽജനം മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: “നിങ്ങൾ സർവേശ്വരന്റെ ജനങ്ങളെ കൊന്നുകളഞ്ഞു.” അവർ മോശയ്‍ക്കും അഹരോനും എതിരായി ഒന്നിച്ചുകൂടി തിരുസാന്നിധ്യകൂടാരത്തിന്റെ അടുക്കലേക്കു നീങ്ങി. അപ്പോൾ മേഘം കൂടാരത്തെ മൂടിയിരിക്കുന്നതും സർവേശ്വരന്റെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും അവർ കണ്ടു. മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിൽ ചെന്നു നിന്നു. അപ്പോൾ സർവേശ്വരൻ മോശയോട്: “ഈ ജനത്തിന്റെ ഇടയിൽനിന്നു മാറി നില്‌ക്കുക; ക്ഷണത്തിൽ ഞാൻ അവരെ സംഹരിക്കും” എന്നു പറഞ്ഞു. അപ്പോൾ അവർ സാഷ്ടാംഗം വീണു. മോശ അഹരോനോടു പറഞ്ഞു: “യാഗപീഠത്തിലെ തീക്കനൽ നിറച്ച ധൂപകലശം നീ എടുത്ത് അതിൽ കുന്തുരുക്കം ഇട്ട് അതുമായി വേഗം ജനത്തിന്റെ മധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; സർവേശ്വരനിൽനിന്നു കോപം പുറപ്പെട്ടിരിക്കുന്നു. ബാധ ആരംഭിച്ചുകഴിഞ്ഞു.” മോശ പറഞ്ഞതുപോലെ അഹരോൻ ജനത്തിന്റെ ഇടയിലേക്ക് ഓടി; ബാധ അവരുടെ ഇടയിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു; അഹരോൻ ധൂപാർപ്പണം നടത്തി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു. മരിച്ചുവീണവരുടെയും ജീവനോടിരുന്നവരുടെയും മധ്യേ അഹരോൻ നിന്നപ്പോൾ ബാധ ശമിച്ചു. കോരഹ് നിമിത്തമായി മരിച്ചവർക്കു പുറമേ പതിനാലായിരത്തി എഴുനൂറു പേർ ബാധകൊണ്ടു മരിച്ചു. ബാധ ശമിച്ചപ്പോൾ അഹരോൻ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയുടെ അടുത്തു തിരികെ ചെന്നു.

NUMBERS 16 വായിക്കുക

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു