NEHEMIA 6:1-9

NEHEMIA 6:1-9 MALCLBSI

ഞാൻ വീണ്ടും മതിൽ നിർമ്മിച്ച് അതിന്റെ വിടവുകൾ എല്ലാം അടച്ചു എന്നു സൻബല്ലത്തും തോബീയായും അറേബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും അറിഞ്ഞു. എന്നാൽ ഞാൻ അതിന്റെ കവാടങ്ങൾക്കു കതകുകൾ പിടിപ്പിച്ചിരുന്നില്ല. അപ്പോൾ സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു പറയിച്ചു: “വരിക, ഓനോ സമതലത്തിലെ ഒരു ഗ്രാമത്തിൽവച്ചു നമുക്കു കൂടിയാലോചന നടത്താം. എന്നെ ദ്രോഹിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഞാൻ അവരുടെ അടുക്കലേക്ക് ഈ മറുപടിയുമായി ദൂതന്മാരെ അയച്ചു. “ഞാൻ ഒരു വലിയ ജോലിയിൽ ഏർപ്പെട്ടിരിക്കയാണ്. ഇപ്പോൾ വരാൻ നിവൃത്തിയില്ല; അതു മുടക്കി നിങ്ങളുടെ അടുക്കൽ ഞാൻ എന്തിനു വരണം?” ഇതേ സന്ദേശവുമായി അവർ നാലു പ്രാവശ്യം എന്റെ അടുക്കൽ ആളയച്ചു. ഈ മറുപടിതന്നെ ഓരോ തവണയും ഞാൻ നല്‌കി. സൻബല്ലത്ത് അഞ്ചാം പ്രാവശ്യം തന്റെ ഭൃത്യനെ ഒരു തുറന്ന കത്തുമായി എന്റെ അടുക്കൽ അയച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “നീയും യെഹൂദന്മാരും വിപ്ലവത്തിനു വട്ടം കൂട്ടുന്നു എന്നും അതുകൊണ്ടാണു മതിൽ പണിയുന്നതെന്നും നീ അവരുടെ രാജാവാകാൻ ആഗ്രഹിക്കുന്നു എന്നും ജനതകളുടെ ഇടയിൽ വാർത്ത പരന്നിരിക്കുന്നു. ഗേശെമും അതുതന്നെ പറയുന്നു. യെഹൂദ്യയിൽ ഒരു രാജാവുണ്ടായിരിക്കുന്നു എന്നു നിന്നെക്കുറിച്ചു യെരൂശലേമിൽ വിളംബരം ചെയ്യാൻ നീ പ്രവാചകന്മാരെ നിയോഗിച്ചിരിക്കുന്നു. ഈ വാർത്ത രാജാവിന്റെ അടുക്കലുമെത്തും. അതുകൊണ്ട് വരൂ, നമുക്കു കൂടി ആലോചിക്കാം. “ഞാൻ അയാൾക്ക് ഇങ്ങനെ മറുപടി നല്‌കി: “നിങ്ങൾ പറയുന്നതുപോലെ യാതൊന്നും നടന്നിട്ടില്ല. അതെല്ലാം നിങ്ങളുടെ സങ്കല്പമാണ്.” ജോലി തുടരാനാവാത്തവിധം ഞങ്ങൾ തളർന്നുപോകും എന്നു കരുതിയാണ് അവർ ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചത്. അതിനാൽ ദൈവമേ, എന്റെ കരങ്ങൾക്കു ശക്തി നല്‌കിയാലും.

NEHEMIA 6 വായിക്കുക