ജനങ്ങളിൽ സ്‍ത്രീകൾ ഉൾപ്പെടെ വലിയൊരു വിഭാഗം തങ്ങളുടെ യെഹൂദ സഹോദരർക്ക് എതിരെ മുറവിളികൂട്ടി. അവരിൽ ചിലർ പറഞ്ഞു: “പുത്രീപുത്രന്മാരടക്കം ഞങ്ങൾ അസംഖ്യം പേരുണ്ട്; ഞങ്ങൾക്ക് ആഹാരത്തിനു വേണ്ട ധാന്യം ലഭിക്കണം.” മറ്റു ചിലർ പറഞ്ഞു: “ഈ ക്ഷാമകാലത്തു ധാന്യം വാങ്ങുന്നതിനുവേണ്ടി നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും ഞങ്ങൾ പണയപ്പെടുത്തിയിരിക്കയാണ്.” വേറെ ചിലർ പറഞ്ഞു: “നിലങ്ങളുടെയും മുന്തിരിത്തോപ്പുകളുടെയും പേരിൽ രാജാവിനു നല്‌കേണ്ട നികുതി അടയ്‍ക്കാൻ ഞങ്ങൾ പണം കടം വാങ്ങിയിരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ യെഹൂദ സഹോദരന്മാരെപ്പോലെയല്ലോ. അവരുടെ മക്കളെപ്പോലെയല്ലോ ഞങ്ങളുടെ മക്കളും. എങ്കിലും അവരെ അടിമത്തത്തിലേക്കു തള്ളിവിടേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമകളായി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ നിസ്സഹായരാണ്. ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിക്കഴിഞ്ഞു.” അവരുടെ മുറവിളിയും ആവലാതിയും കേട്ടപ്പോൾ എനിക്ക് അതിയായ രോഷം ഉണ്ടായി. പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും ശാസിക്കാൻ ഞാൻ തീരുമാനിച്ചു. അവർക്കെതിരെ മഹാസഭ വിളിച്ചുകൂട്ടി ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ സഹോദരന്മാരോടു പലിശ വാങ്ങുന്നു.” “വിജാതീയർക്കു വിറ്റിരുന്ന നമ്മുടെ സഹോദരരെ കഴിവതും നാം വീണ്ടെടുത്തു; എന്നാൽ നിങ്ങൾ സ്വന്ത സഹോദരരെപ്പോലും വീണ്ടും വീണ്ടെടുക്കേണ്ട നിലയിൽ ആക്കിയിരിക്കുന്നു.” അതു കേട്ടിട്ട് അവർ മിണ്ടാതിരുന്നു. ഒരു വാക്കുപോലും പറയാൻ അവർക്കു കഴിഞ്ഞില്ല. ഞാൻ വീണ്ടും പറഞ്ഞു: “നിങ്ങൾ ചെയ്യുന്നതു ശരിയല്ല. നമ്മുടെ ശത്രുക്കളുടെ പരിഹാസപാത്രമാകാതിരിക്കാനെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തോടുള്ള ഭക്തിയിൽ ജീവിക്കേണ്ടതല്ലോ? ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്ക് പണവും ധാന്യവും കടം കൊടുത്തിട്ടുണ്ട്; പലിശ നമുക്ക് ഉപേക്ഷിക്കാം. നിങ്ങൾ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുക്കണം; പണം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറിന് ഒന്നു വീതം പലിശയായി വാങ്ങി വരുന്നതു നിങ്ങൾ അവർക്ക് ഇളച്ചുകൊടുക്കണം.” അവർ പറഞ്ഞു: “ഞങ്ങൾ അവ മടക്കിക്കൊടുക്കാം; അവരിൽനിന്ന് ഇനി ഒന്നും ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെ ഞങ്ങൾ പ്രവർത്തിച്ചുകൊള്ളാം.” പിന്നീട് ഞാൻ പുരോഹിതന്മാരെ വിളിച്ചു വരുത്തി. “വാഗ്ദാനം ചെയ്തതുപോലെ പ്രവർത്തിച്ചുകൊള്ളാം” എന്ന് അവരെക്കൊണ്ട് പുരോഹിതന്മാരുടെ മുമ്പിൽവച്ച് പ്രതിജ്ഞ ചെയ്യിച്ചു. ഞാൻ എന്റെ മടി കുടഞ്ഞുകൊണ്ടു പറഞ്ഞു: “ഈ വാഗ്ദാനം നിറവേറ്റാത്ത എല്ലാവരെയും അവരുടെ ഭവനത്തിൽനിന്നും തൊഴിലിൽനിന്നും ദൈവം കുടഞ്ഞുകളയട്ടെ. അങ്ങനെ അവർ ഒന്നും ഇല്ലാത്തവരായിത്തീരട്ടെ.” സഭ മുഴുവൻ “ആമേൻ” എന്നു പറഞ്ഞു സർവേശ്വരനെ സ്തുതിച്ചു. അവർ പ്രതിജ്ഞ പാലിച്ചു.
NEHEMIA 5 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NEHEMIA 5:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ