അങ്ങനെ അവർ കഫർന്നഹൂമിൽ എത്തിച്ചേർന്നു. വീട്ടിൽ വന്നപ്പോൾ യേശു ശിഷ്യന്മാരോട്, “വഴിയിൽവച്ചു നിങ്ങൾ എന്തിനെപ്പറ്റിയാണ് വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നത്?” എന്നു ചോദിച്ചു. അവരുടെ വാദപ്രതിവാദം തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെപ്പറ്റിയായിരുന്നതുകൊണ്ട് അവർ മൗനം അവലംബിച്ചു. അവിടുന്ന് ഇരുന്നശേഷം പന്ത്രണ്ടു ശിഷ്യന്മാരെയും വിളിച്ച് അവരോടു പറഞ്ഞു: “ഒരുവൻ പ്രമുഖനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ എല്ലാവരിലും എളിയവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം.” പിന്നീട് അവിടുന്ന് ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യത്തിൽ നിറുത്തി. ആ ശിശുവിനെ അവിടുന്ന് കരവലയത്തിലണച്ചുകൊണ്ട് അവരോടു പറഞ്ഞു: “ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ ഏതൊരാൾ സ്വീകരിക്കുന്നുവോ അയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെയല്ല എന്നെ അയച്ചവനെയത്രേ സ്വീകരിക്കുന്നത്.” യോഹന്നാൻ യേശുവിനോടു പറഞ്ഞു: ‘ഗുരോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു. അയാൾ നമ്മെ അനുഗമിക്കാത്തവനായതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി.” യേശു യോഹന്നാനോടു പറഞ്ഞു: “അയാളെ വിലക്കരുത്; എന്റെ നാമത്തിൽ അദ്ഭുതം പ്രവർത്തിക്കുന്നവൻ പിന്നീട് എന്നെ ദുഷിക്കുക സാധ്യമല്ല. നമുക്ക് എതിരില്ലാത്തവൻ നമ്മെ അനുകൂലിക്കുന്നവനാണ്. ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങൾ ക്രിസ്തുവിന്റെ നാമം വഹിക്കുന്നവരായതുകൊണ്ട് ആരെങ്കിലും ഒരു പാത്രം വെള്ളം നിങ്ങൾക്കു കുടിക്കുവാൻ തരികയാണെങ്കിൽ അയാൾക്കു പ്രതിഫലം ലഭിക്കാതെയിരിക്കുകയില്ല. “എന്നിൽ വിശ്വസിക്കുന്ന ഈ എളിയവരിൽ ഒരുവൻ പാപം ചെയ്യുന്നതിന് ആരു കാരണഭൂതനാകുന്നുവോ, അവന്റെ കഴുത്തിൽ ഒരു വലിയ തിരികല്ലുകെട്ടി കടലിൽ എറിയുന്നതാണ് അവന് ഏറെ നല്ലത്. പാപം ചെയ്യുന്നതിനു നിന്റെ കൈ കാരണമായി ഭവിക്കുന്നെങ്കിൽ അതിനെ വെട്ടിക്കളയുക. രണ്ടു കൈയുള്ളവനായി നരകത്തിൽ നിത്യാഗ്നിയിൽ നിപതിക്കുന്നതിനെക്കാൾ അംഗഭംഗമുള്ളവനായി ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. നിന്റെ കാല് പാപം ചെയ്യുന്നതിനു കാരണമായിത്തീർന്നാൽ അതു വെട്ടിക്കളയുക. രണ്ടു കാലുള്ളവനായി നരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ മുടന്തനായി ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. നിന്റെ കണ്ണു പാപംചെയ്യാൻ കാരണമായിത്തീർന്നാൽ അതു ചുഴന്നെടുത്തു കളയുക. രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള നരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ ഒരു കണ്ണുള്ളവനായി ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. അവരെ അരിക്കുന്ന പുഴു ചാകുകയില്ല. അവരെ ദഹിപ്പിക്കുന്ന തീ കെടുകയുമില്ല. “എല്ലാവർക്കും തീകൊണ്ട് ഉപ്പു ചേർക്കപ്പെടും. ഉപ്പു നല്ലതുതന്നെ. എന്നാൽ ഉപ്പിന് ഉപ്പുരസമില്ലെങ്കിൽ എങ്ങനെയാണതു രുചിപ്പെടുത്തുക? നിങ്ങൾ ഉപ്പുള്ളവരായിരിക്കുക; നിങ്ങൾ അന്യോന്യം സമാധാനമായിരിക്കുകയും വേണം.”
MARKA 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 9:33-50
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ