യേശു അവിടെനിന്ന് സോർ പ്രദേശത്തേക്കുപോയി. അവിടെയുള്ള ഒരു വീട്ടിൽ അദ്ദേഹം ചെന്നു. അത് ആരും അറിയരുതെന്ന് അവിടുന്ന് ആഗ്രഹിച്ചു. പക്ഷേ അവിടുത്തെ സാന്നിധ്യം മറച്ചുവയ്‍ക്കുക സാധ്യമല്ലായിരുന്നു. ദുഷ്ടാത്മാവു ബാധിച്ച ഒരു പെൺകുട്ടിയുടെ അമ്മ യേശുവിനെപ്പറ്റി കേട്ട് അവിടെയെത്തി അവിടുത്തെ പാദാന്തികത്തിൽ സാഷ്ടാംഗം വീണു വണങ്ങി. അവർ സിറിയയിലെ ഫൊയ്നിക്യയിൽ ജനിച്ച ഒരു ഗ്രീക്കു വനിതയായിരുന്നു. തന്റെ മകളിൽനിന്ന് ആ ദുഷ്ടാത്മാവിനെ പുറത്താക്കണമെന്ന് അവർ യേശുവിനോട് അപേക്ഷിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ആദ്യം മക്കൾ തിന്നു തൃപ്തരാകട്ടെ: മക്കൾക്കുള്ള അപ്പം എടുത്തു നായ്‍ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ.” എന്നാൽ അതിനു മറുപടിയായി, “കർത്താവേ, മേശയുടെ കീഴിലിരിക്കുന്ന നായ്‍ക്കുട്ടികൾപോലും മക്കളുടെ കൈയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ” എന്ന് അവർ പറഞ്ഞു. ‘നീ പറഞ്ഞതു ശരി; പൊയ്‍ക്കൊള്ളുക; ദുഷ്ടാത്മാവ് നിന്റെ മകളെ വിട്ടുപോയിരിക്കുന്നു” എന്ന് യേശു പറഞ്ഞു. ആ സ്‍ത്രീ വീട്ടിൽ മടങ്ങിച്ചെന്നപ്പോൾ അവരുടെ മകൾ ഭൂതോപദ്രവത്തിൽനിന്നു വിമുക്തയായി കിടക്കയിൽ കിടക്കുന്നതു കണ്ടു. പിന്നീട് യേശു സോരിൽനിന്ന് സീദോൻവഴി ദക്കപ്പൊലി ദേശത്തുകൂടി ഗലീലത്തടാകതീരത്തേക്കു മടങ്ങിപ്പോയി. അപ്പോൾ ബധിരനും മൂകനുമായ ഒരു മനുഷ്യനെ ചിലർ അവിടുത്തെ അടുക്കൽ കൊണ്ടുവന്ന് അയാളുടെമേൽ കൈകൾ വയ്‍ക്കണമെന്ന് അപേക്ഷിച്ചു. യേശു ആ മനുഷ്യനെ ആൾക്കൂട്ടത്തിൽനിന്ന് രഹസ്യമായി മാറ്റി നിറുത്തി അയാളുടെ ചെവിയിൽ വിരലുകൾ ഇടുകയും തുപ്പൽകൊണ്ട് നാവിൽ സ്പർശിക്കുകയും ചെയ്തു; പിന്നീട് സ്വർഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് “എഫഥാ” എന്ന് അയാളോടു പറഞ്ഞു; അതിനു ‘തുറക്കപ്പെടട്ടെ’ എന്നർഥം. അപ്പോൾ ആ ബധിരന്റെ ചെവി തുറന്നു. അയാളുടെ നാവിന്റെ ബന്ധനം അഴിഞ്ഞു സ്പഷ്ടമായി സംസാരിക്കുകയും ചെയ്തു. ഇത് ആരോടും പറയരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു. എന്നാൽ എത്ര നിഷ്കർഷാപൂർവം അവിടുന്ന് ആജ്ഞാപിച്ചുവോ അത്രയധികം അവർ ഈ സംഭവം വിളംബരം ചെയ്തു. ഇതു കേട്ടവരെല്ലാം അത്യന്തം ആശ്ചര്യഭരിതരായി. “എത്ര നന്നായിട്ടാണ് അവിടുന്ന് എല്ലാം ചെയ്യുന്നത്! ബധിരർക്കു ശ്രവണശക്തിയും മൂകർക്കു സംസാരശേഷിയും അവിടുന്നു പ്രദാനം ചെയ്യുന്നു” എന്നു പറഞ്ഞു.
MARKA 7 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 7:24-37
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ